ദുബായ്: വിദേശയാത്രയ്ക്കിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മറന്നുവച്ച വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗ് കണ്ടെത്തി സുരക്ഷിതമായി സൂക്ഷിച്ച് ഉടമയ്ക്ക് തിരിച്ചുനൽകി ദുബായ് പോലീസ് മാതൃകയായി.

വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ട സ്ത്രീയാണ് പണവും സ്മാർട്ട്ഫോണും മറ്റ് വ്യക്തിഗത സാധനങ്ങളും അടങ്ങിയ കൈബാഗ് അബദ്ധത്തിൽ മറന്നുവച്ചത്. യാത്രക്കാരി രാജ്യം വിട്ടതിനുശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.

ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ബാഗ് കണ്ടെത്തി സുരക്ഷിതമായി സൂക്ഷിച്ചു. ബാഗിന്റെ ഉടമസ്ഥത സ്ഥിരീകരിക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കിയശേഷം ഉദ്യോഗസ്ഥർ യാത്രക്കാരിയുമായി ബന്ധപ്പെട്ടു.

ബാഗ് അവർ യാത്ര ചെയ്ത രാജ്യത്തേക്ക് അയച്ചുനൽകാമെന്നും അല്ലെങ്കിൽ യുഎഇയിൽ തിരിച്ചെത്തുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കാമെന്നും പോലീസ് അറിയിച്ചു.

യാത്രക്കാരി പിന്നീട് യുഎഇയിൽ മടങ്ങിയെത്തിയപ്പോൾ ബാഗും അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും തിരിച്ചുനൽകി. ബാഗ് വീണ്ടെടുക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്ക് യാത്രക്കാരി സാമൂഹികമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു.

വിമാനത്താവളങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെയും യാത്രക്കാരോടുള്ള സേവനമനോഭാവത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് സംഭവം.