കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ശാരദ പാർക്കിന് സമീപത്തെ ചോർ ബാഗനിൽ ദുർഗാ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച സംഭവത്തിൽ. ഏഴു പേർ അറസ്റ്റിൽ. പ്രധാന സംഘാടകൻ ഉൾപ്പെടെയുള്ളവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ നാലുപേരെ ശനിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ദുരന്തത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദുർഗാ പൂജ നടക്കുന്നതിനിടെ കനത്ത മഴയിൽ നിന്നും രക്ഷ നേടാൻ ആളുകൾ പന്തലിലേക്ക് ഇരച്ചുകയറുകയായിരുന്നു. ധാരാളം ആളുകൾ പങ്കെടുക്കുമെന്ന് അറിഞ്ഞിട്ടും മതിയായ സുരക്ഷയോ സൗകര്യമോ ഒരുക്കാതെ പരിപാടി നടത്തിയതിനാണ് കേസ്.

ശനിയാഴ്ച രാത്രി 7.45ഓടെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ പൂജ നടക്കുന്ന ഇടുങ്ങിയ സ്ഥലത്തേക്ക് ആളുകൾ തിക്കിത്തിരക്കി കയറിയതാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് വെളിച്ചക്കുറവുണ്ടായിരുന്നതായും കണ്ടെത്തി.