വാഷിങ്ടൺ: അമേരിക്കയിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ 'കരാർ അടിമകൾ' എന്ന് വിശേഷിപ്പിച്ച തന്റെ മുൻ പരാമർശം തിരുത്തി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ പ്രയോഗം ശരിയായ രീതിയിലായിരുന്നില്ലെന്നും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനികളെയാണ് വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എച്ച്-1ബി വിസാ സംവിധാനത്തിലൂടെ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ അമേരിക്കൻ കമ്പനികൾ നടത്തുന്ന ചില നടപടികളെയാണ് താൻ ചോദ്യം ചെയ്തതെന്ന് വാൻസ് വിശദീകരിച്ചു. വിദേശ തൊഴിലാളികൾക്ക് നേരെയുള്ള വിമർശനമല്ല തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിടുകയും അതേസമയം വിദേശ തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്ന കമ്പനികളുടെ നടപടികൾക്കെതിരെ വാൻസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ പരാമർശം ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള എച്ച്-1ബി വിസാ തൊഴിലാളികൾക്കിടയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.

എച്ച്-1ബി വിസാ പദ്ധതി അമേരിക്കൻ കമ്പനികൾക്ക് വിദഗ്ധരായ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന സംവിധാനമാണ്. എന്നാൽ, ഈ പദ്ധതി അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ അവസരങ്ങളെ ബാധിക്കുന്നുണ്ടോ എന്നതിനെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾ തുടരുകയാണ്.