കുവൈത്ത്: എം.ഇ.എസ് കുവൈത്തിന്റെയും ബദർ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫർവാനിയയിലെ ബദർ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. എം.ഇ.എസ് കുവൈത്ത് പ്രസിഡന്റ് അഷ്റഫ് അയ്യൂരിന്റെ നേതൃത്വത്തിൽ രാവിലെ 7.30ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 12 മണിയോടെ സമാപിച്ചു. നൂറിലധികം പേർ ക്യാമ്പിന്റെ പ്രയോജനം നേടി.

ക്യാമ്പിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദം, മൊത്തം കൊളസ്‌ട്രോൾ, കരൾ, വൃക്ക എന്നിവയുടെ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കി. ജനറൽ പ്രാക്ടീഷണർ, അസ്ഥിരോഗ വിദഗ്ധൻ, ശിശുരോഗ വിദഗ്ധൻ എന്നിവരുടെ സേവനവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർപരിശോധനയ്ക്കായി പത്ത് ദിവസത്തേക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ സൗകര്യവും ലഭ്യമാണ്.

ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച ബദർ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ജീവനക്കാർക്കും മാനേജ്‌മെന്റ് ജീവനക്കാർക്കും അവരുടെ നിസ്വാർത്ഥ സേവനത്തിന് എം.ഇ.എസ് കുവൈത്ത് മെഡിക്കൽ കൺവീനർ ഡോ. മുസ്തഫ പ്രത്യേക നന്ദി അറിയിച്ചു.

എം.ഇ.എസ് കുവൈത്ത് ജനറൽ സെക്രട്ടറി അഷ്റഫ് പി.ടി., മുഹമ്മദ് റാഫി, ഖലീൽ അടൂർ, അർഷാദ്, സാദിഖ് അലി, അസീസ് മാട്ടുവയിൽ,ഡോ. അഷീൽ, ഡോ. സുബൈർ, ഡോ. ത്വയ്യിബ,ഷഹീർ , റമീസ് സലേഹ്, ഗഫൂർ കൊയിലാണ്ടി, മുജീബ്,റയീസ് സലേഹ്, ജാസിം സിദ്ദീഖ്, മൂന്നു സിയാദ് എന്നിവർ ക്യാമ്പിന്റെ ഏകോപനത്തിനും നടത്തിപ്പിനും നേതൃത്വം നൽകി.