ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരാണെന്ന് വ്യാജമായി പരിചയപ്പെടുത്തി ഫോൺകോളുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ദോഹയിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി.
എംബസിയുടെ ഔദ്യോഗിക ടെലിഫോൺ നമ്പറുകളാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കോളർ ഐഡി വ്യാജമായി പ്രദർശിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളെ ബന്ധപ്പെടുന്നത്.
ഫോൺ സ്വീകരിക്കുന്ന വ്യക്തിയുടെ പേര്, ജനനത്തീയതി, പാസ്പോർട്ട് നമ്പർ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവയാണ് സംഘം ആവശ്യപ്പെടുന്നത്.
പാസ്പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകൾ എന്നിവയിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ പരിഹരിക്കാൻ അടിയന്തരമായി പണം നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു.
പണം നൽകാത്തപക്ഷം ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുമെന്നോ ഖത്തറിൽ തടവുശിക്ഷ നേരിടേണ്ടിവരുമെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ടെലിഫോണിലൂടെ വിളിച്ച് ഇത്തരം വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് എംബസി അറിയിച്ചു.
സംശയാസ്പദമായ കോളുകളോട് പ്രതികരിക്കരുതെന്നും ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തുകയോ പണം കൈമാറുകയോ ചെയ്യരുതെന്നും ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി.
ഇത്തരം തട്ടിപ്പുശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ എംബസിയെ അറിയിക്കാം.