അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന തൊഴിൽ, കോൺസുലർ, വിദ്യാഭ്യാസ, ക്ഷേമ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളും നേരിട്ട് പരിഗണിക്കുന്നതിനായി അബുദാബിയിലെ ഇന്ത്യൻ എംബസി ഒക്ടോബർ 30ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.

ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലുവരെയാണ് പരിപാടി. അബുദാബിയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഹൗസ് നടക്കുക.

അബുദാബി എമിറേറ്റുമായി ബന്ധപ്പെട്ട തൊഴിൽപ്രശ്നങ്ങൾ, കോൺസുലർ വിഷയങ്ങൾ, വിദ്യാഭ്യാസ പ്രശ്നങ്ങൾ, പ്രവാസി ക്ഷേമം തുടങ്ങിയവയിൽ എംബസി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഇന്ത്യൻ പൗരന്മാർക്ക് അവസരമുണ്ടാകും.

നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഓൺലൈൻ പങ്കാളിത്തം ആഗ്രഹിക്കുന്നവർ പരാതിയുടെയോ സംശയത്തിന്റെയോ സംക്ഷിപ്ത വിവരങ്ങൾ സഹിതം ഒക്ടോബർ 28ന് വൈകിട്ട് മൂന്നുമണിക്ക് മുമ്പ് ca.abudhabi@mea.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കണം.

ഓപ്പൺ ഹൗസിൽ പാസ്‌പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, രേഖകൾ നൽകൽ തുടങ്ങിയ സാധാരണ കോൺസുലർ സേവനങ്ങൾ ലഭ്യമാകില്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

അബുദാബി എമിറേറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് ഈ ഓപ്പൺ ഹൗസിൽ മുൻഗണന.