ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ലക്ഷക്കണക്കിന് യുവാക്കൾക്ക് അവസരങ്ങൾ നിഷേധിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങൾ കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സംവിധാനത്തിലെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, ഉയർന്ന ഫീസ്, അടിസ്ഥാന സൗകര്യങ്ങളുടെ ശോച്യാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ യുവതലമുറയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് യുവാക്കൾക്ക് നിലവിലെ സംവിധാനം പ്രതീക്ഷിച്ച പിന്തുണ നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ സംവിധാനത്തിൽ പ്രതീക്ഷ നഷ്ടപ്പെടാൻ കാരണമായ അനുഭവങ്ങളും ആശയങ്ങളും വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കുവെക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വിദ്യാർഥികളുടെ ശബ്ദം കേൾക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കോൺഗ്രസ് നടത്തുന്ന 'ഛാത്രോൻ കി ഗൂഞ്ച്' പരിപാടിയുടെ അഞ്ചാം പതിപ്പ് മധ്യപ്രദേശിലെ ഇൻഡോറിൽ സംഘടിപ്പിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.