തിരുവല്ല:

കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (കാപ്പ - KAAPA) കേസിലെ പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയതിന് തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിഷാന്ത് സി. ചന്ദ്രനെ ഔദ്യോഗിക സർവീസിൽ നിന്ന് പിരിച്ചുവിടാൻനോട്ടീസ്. പത്തനംതിട്ടയിലെ പോലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയായ ഇയാൾക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

തൃശ്ശൂർ പീച്ചി സ്വർണ്ണക്കവർച്ചാ കേസിൽ ഉൾപ്പെട്ട ഗുണ്ടകളുമായി നിഷാന്തിന് അടുത്ത ബന്ധമുള്ളതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പീച്ചി കവർച്ചാ കേസിലെ ഒന്നാം പ്രതിയായ തിരുവല്ല സ്വദേശി റോഷൻ, പത്താം പ്രതി കിരൺ എന്നിവരുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തുകയും, കുറ്റകൃത്യത്തിന് ശേഷം ഇവർക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനുള്ള സുരക്ഷിത സാഹചര്യം ഒരുക്കി നൽകുകയും ചെയ്തതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

ഇതിനു മുൻപും ഗുരുതരമായ അച്ചടക്ക ലംഘനങ്ങളുടെ പേരിൽ ഇയാൾ നടപടി നേരിട്ടിട്ടുണ്ട്. 2025 നവംബറിൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഫോണിലൂടെ ഒരു സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

പോലീസ് സേനയിലെ ഗുണ്ടാ-മാഫിയ ബന്ധങ്ങൾ വേരോടെ പിഴുതെറിയുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന കർശനമായ സീറോ ടോളറൻസ് നയത്തിന്റെ ഭാഗമായാണ് ഇപ്പോൾ പിരിച്ചുവിടൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റവാളികളെ സഹായിക്കുകയും സേനയുടെ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത മാതൃകാപരമായ നടപടികൾ തുടരുമെന്ന് ഉയർന്ന പോലീസ് മേധാവികൾ വ്യക്തമാക്കി.