ദോഹ: സ്കൂൾ വിദ്യാർഥികളുടെ മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി ഖത്തർ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്ത പദ്ധതികൾ നടപ്പാക്കുന്നു.
'സ്റ്റുഡന്റ് വെൽബീയിങ് 2026' പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും ബോധവൽക്കരണത്തിനും പ്രാധാന്യം നൽകും.
വിദ്യാർഥികളുടെ മാനസികവും സാമൂഹികവുമായ ക്ഷേമം വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമാണെന്ന സമീപനത്തിലാണ് മന്ത്രാലയങ്ങളുടെ സഹകരണം.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതും സംബന്ധിച്ച പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമാണ്.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾക്കും മുൻഗണന നൽകും.
വിദ്യാർഥികളുടെ ക്ഷേമം പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി കൂടുതൽ സമഗ്രമായ സമീപനം സ്വീകരിക്കുകയാണ് സംയുക്ത പദ്ധതിയുടെ ലക്ഷ്യം.