കുവൈത്ത് സിറ്റി: കുവൈത്തിൽ 12 പേരുടെ പൗരത്വം പിൻവലിക്കുന്നതിനായി നാല് അമീരി ഉത്തരവുകൾ പുറപ്പെടുവിച്ചു. ഇവരിലൂടെ ആശ്രിതരെന്ന നിലയിൽ കുവൈത്ത് പൗരത്വം നേടിയവർക്കും ഉത്തരവ് ബാധകമായേക്കും.

ഒക്ടോബർ 18 ഞായറാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ യൗമിലാണ് ഉത്തരവുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

2026ലെ 165, 166, 167, 168 എന്നീ നമ്പറുകളിലുള്ള നാല് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്.

165-ാം നമ്പർ ഉത്തരവ് പ്രകാരം മൂന്നുപേരുടെയും 166-ാം നമ്പർ ഉത്തരവ് പ്രകാരം ഏഴുപേരുടെയും പൗരത്വം പിൻവലിച്ചു. 167, 168 എന്നീ ഉത്തരവുകളിലൂടെ ഓരോ വ്യക്തിയുടെ വീതം പൗരത്വവും പിൻവലിച്ചു.

കുവൈത്ത് ഭരണഘടന, 2024 മേയ് 10ന് പുറപ്പെടുവിച്ച അമീരി ഉത്തരവ്, 1959ലെ 15-ാം നമ്പർ കുവൈത്ത് പൗരത്വനിയമം, അനുബന്ധ നിയമഭേദഗതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ ശുപാർശയും മന്ത്രിസഭയുടെ അംഗീകാരവും പരിഗണിച്ചാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്.

പൗരത്വം പിൻവലിക്കപ്പെട്ട വ്യക്തികൾക്കൊപ്പം ആശ്രിതരെന്ന നിലയിൽ പൗരത്വം ലഭിച്ചവരെയും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഓരോ വ്യക്തിയുടെയും കുടുംബത്തിൽ എത്രപേർക്ക് നടപടി ബാധകമാകുമെന്ന് പ്രസിദ്ധീകരിച്ച സംക്ഷിപ്ത വിവരങ്ങളിൽ വ്യക്തമാക്കിയിട്ടില്ല.

ഉത്തരവുകൾ നടപ്പാക്കുന്നതിന്റെ ചുമതല ആഭ്യന്തര മന്ത്രിക്കാണ്. ഉത്തരവുകൾ പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും.