കുവൈത്ത് സിറ്റി: വാണിജ്യ, നിക്ഷേപ, കരാർ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും രാജ്യത്തെ നിയമവ്യവസ്ഥ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി കുവൈത്തിൽ പുതിയ ആർബിട്രേഷൻ നിയമം പുറപ്പെടുവിച്ചു. 2026ലെ 120-ാം നമ്പർ നിയമ ഡിക്രിയിലൂടെയാണ് പുതിയ നിയമസംവിധാനം രൂപീകരിച്ചിരിക്കുന്നത്.

15 അധ്യായങ്ങളിലായി 108 വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം രാജ്യത്തെ തർക്കപരിഹാര സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾക്ക് വഴിയൊരുക്കും. കോടതികൾക്ക് പുറത്തുള്ള നിയമാനുസൃത മധ്യസ്ഥ-വിധിനിർണയ നടപടികൾ കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമാക്കുകയാണ് പ്രധാന ലക്ഷ്യം.

കുവൈത്തിനെ രാജ്യാന്തര സാമ്പത്തിക, വാണിജ്യ, നിക്ഷേപ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള നടപടികളുമായും പുതിയ നിയമം ബന്ധപ്പെട്ടിരിക്കുന്നു. നിക്ഷേപകർക്കും വ്യാപാരസ്ഥാപനങ്ങൾക്കും കരാർ തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് നിയമപരമായ ഉറപ്പുകൾ നൽകും.

സർക്കാർ സ്ഥാപനങ്ങൾ ഏർപ്പെടുന്ന കരാറുകളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പൊതുപണം സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയന്ത്രണങ്ങളുണ്ട്. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുമ്പോൾ തന്നെ നിയമാനുസൃത ആർബിട്രേഷൻ നടപടികൾക്ക് അവസരം നൽകുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

കുവൈത്തിൽ രജിസ്റ്റർ ചെയ്യുന്ന ആർബിട്രേഷൻ സ്ഥാപനങ്ങൾക്ക് ലൈസൻസും മേൽനോട്ടസംവിധാനവും ഏർപ്പെടുത്തും. നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട വിഭാഗമാണ് ഇത്തരം സ്ഥാപനങ്ങളുടെയും ആർബിട്രേറ്റർമാരുടെയും രജിസ്റ്ററുകൾ കൈകാര്യം ചെയ്യുക.

കേസുകളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതും നടപടിക്രമങ്ങൾ നടത്തുന്നതും ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാൻ നിയമം അവസരം നൽകുന്നു. നടപടികളിൽ അനാവശ്യ കാലതാമസവും ചെലവും ഒഴിവാക്കുന്നതിനൊപ്പം ഇരുകക്ഷികൾക്കും തുല്യപരിഗണന ഉറപ്പാക്കേണ്ടതുണ്ട്.

നിയമത്തിലെ 100 മുതൽ 105 വരെയുള്ള വകുപ്പുകൾ ശിക്ഷാനടപടികളുമായി ബന്ധപ്പെട്ടതാണ്. ആർബിട്രേഷൻ സ്ഥാപനങ്ങളുടെ നിയന്ത്രണവും നടപടികളുടെ രഹസ്യസ്വഭാവവും പൊതുജനവിശ്വാസവും സംരക്ഷിക്കാൻ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോടതികളിലെ കേസുകളുടെ ഭാരം കുറയ്ക്കുന്നതിനൊപ്പം രാജ്യാന്തര നിക്ഷേപകർക്ക് കൂടുതൽ വിശ്വാസ്യത നൽകാനും പുതിയ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തൽ.