കുവൈത്ത് സിറ്റി, കുവൈത്തിൽ വാഹനങ്ങളുടെ നിർബന്ധിത ഇൻഷുറൻസ് രേഖകൾ കടലാസ് രൂപത്തിൽ നൽകുന്നത് അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ നടപടി. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ നേതൃത്വത്തിൽ വാഹന ഇൻഷുറൻസ് രേഖകൾ 'ബീമ' (Beema) ഇലക്ട്രോണിക് സംവിധാനം വഴി നൽകുന്നതാണ് പുതിയ ക്രമീകരണം.

വാഹനങ്ങളുടെ നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസ് രേഖകൾ നൽകുന്നതും പുതുക്കുന്നതും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് ഡിജിറ്റൽ സംവിധാനത്തിന്റെ ലക്ഷ്യം. വാഹന ഉടമകൾക്ക് ഇൻഷുറൻസ് നടപടികൾ ഓൺലൈനായി പൂർത്തിയാക്കാൻ ബീമ സംവിധാനം സൗകര്യമൊരുക്കുന്നു.

ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ beema.iru.gov.kw വഴി വാഹന ഉടമകൾക്ക് ഇൻഷുറൻസ് പുതുക്കാൻ കഴിയും. അംഗീകൃത ഇൻഷുറൻസ് കമ്പനികൾ മുഖേനയും സേവനം ലഭ്യമാണ്.

നിലവിൽ ഇലക്ട്രോണിക് സംവിധാനത്തിന്റെ ആദ്യഘട്ടത്തിൽ സ്വകാര്യ വ്യക്തികളുടെ സ്വകാര്യ വാഹനങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കുമാണ് ഓൺലൈൻ പുതുക്കൽ സൗകര്യം ലഭിക്കുന്നത്. ഇൻഷുറൻസ് കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുമ്പുമുതൽ പുതുക്കാം. ഇൻഷുറൻസ് രേഖയിലെ ക്യുആർ കോഡ് ഉപയോഗിച്ച് പോളിസിയുടെ വ്യവസ്ഥകളും പരിശോധിക്കാനാകും.

വാഹന ഇൻഷുറൻസ് നടപടികൾ ഡിജിറ്റലാക്കുന്നതിലൂടെ രേഖകളുടെ പരിശോധനയും വിവരങ്ങളുടെ കൈമാറ്റവും കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. കുവൈത്തിലെ സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ സംവിധാനം പ്രയോജനപ്പെടും.