കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സ്വകാര്യ വ്യവസായ ഗ്രൂപ്പായ അൽഗാനിം ഇൻഡസ്ട്രീസ് പുതിയ ഡയറക്ടർ ബോർഡ് രൂപീകരിച്ചു. ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ ഖുതൈബ യൂസഫ് അഹമ്മദ് അൽഗാനിമിന്റെ നേതൃത്വത്തിലാണ് പുതിയ ഭരണസമിതി പ്രവർത്തിക്കുക.

കോർപ്പറേറ്റ് ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനും സ്ഥാപനത്തിന്റെ രാജ്യാന്തര വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ ഡയറക്ടർ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.

ഹാസിം ഷൗഖിയാണ് വൈസ് ചെയർമാൻ. മുൻ കുവൈത്ത് വിദേശകാര്യ മന്ത്രിയും അമേരിക്കയിലെ കുവൈത്ത് മുൻ അംബാസഡറുമായ ഷെയ്ഖ് സാലിം അബ്ദുല്ല അൽ ജാബർ അൽ സബാഹ്, നിസാർ മുഹമ്മദ് അൽ അദ്സാനി, വലീദ് അൽ ഒസൈമി, അമ്മാർ അൽ ഖുദൈരി, ഇയാദ് മലസ് എന്നിവരാണ് മറ്റു അംഗങ്ങൾ.

ബാങ്കിങ്, ഊർജം, നിക്ഷേപം, ധനകാര്യം, രാജ്യാന്തര ബന്ധങ്ങൾ, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ദീർഘകാല പരിചയമുള്ള വ്യക്തികളാണ് പുതിയ ഭരണസമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

വൈസ് ചെയർമാൻ ഹാസിം ഷൗഖിക്ക് രാജ്യാന്തര ബാങ്കിങ്, നിക്ഷേപ മേഖലകളിൽ വിപുലമായ പരിചയമുണ്ട്. യു.ബി.എസ്, ക്രെഡിറ്റ് സ്വിസ്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ അദ്ദേഹം പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.

ഷെയ്ഖ് സാലിം അബ്ദുല്ല അൽ ജാബർ അൽ സബാഹിന് 37 വർഷത്തിലധികം നയതന്ത്ര-രാജ്യാന്തര സേവനപരിചയമുണ്ട്. രണ്ടു പതിറ്റാണ്ടിലധികം അമേരിക്കയിലെ കുവൈത്ത് അംബാസഡറായിരുന്ന അദ്ദേഹം വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിസാർ അൽ അദ്സാനിക്ക് ഊർജമേഖലയിൽ മൂന്ന് പതിറ്റാണ്ടിലധികം പ്രവർത്തനപരിചയമുണ്ട്. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം.

വലീദ് അൽ ഒസൈമിക്ക് അക്കൗണ്ടിങ്, ഓഡിറ്റിങ്, സാമ്പത്തിക നിയന്ത്രണം എന്നീ മേഖലകളിൽ 45 വർഷത്തിലധികം പരിചയമുണ്ട്. അമ്മാർ അൽ ഖുദൈരി സൗദി നാഷണൽ ബാങ്കിന്റെ മുൻ ചെയർമാനാണ്. ഇയാദ് മലസ് നിലവിൽ അൽ ഗുരൈർ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്നു.

പുതിയ ഭരണസമിതിയുടെ രൂപീകരണം സ്ഥാപനത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഘട്ടമാണെന്ന് ഖുതൈബ അൽഗാനിം വ്യക്തമാക്കി. വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെ അറിവും പരിചയവും സ്ഥാപനത്തിന്റെ ദീർഘകാല വളർച്ചയ്ക്കും വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.