കുവൈത്ത് സിറ്റി: രാജ്യത്തെ ചെറുതുറമുഖങ്ങൾ, മത്സ്യബന്ധന-ബോട്ട് നങ്കൂരകേന്ദ്രങ്ങൾ, ബോട്ട് ജെട്ടികൾ എന്നിവയുടെ മേൽനോട്ടവും ഭരണപരമായ അധികാരങ്ങളും കുവൈത്ത് പോർട്ട്സ് അതോറിറ്റിയിൽനിന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിന് കൈമാറി.

2026ലെ 1236-ാം നമ്പർ മന്ത്രിസഭാ തീരുമാനത്തിലൂടെയാണ് അധികാരമാറ്റം നടപ്പാക്കുന്നത്. ഒക്ടോബർ 18ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ യൗമിൽ തീരുമാനം പ്രസിദ്ധീകരിച്ചു.

പുതിയ തീരുമാനപ്രകാരം സമുദ്ര നങ്കൂരകേന്ദ്രങ്ങൾ, ചെറുതുറമുഖങ്ങൾ, ജെട്ടികൾ എന്നിവയുടെ മേൽനോട്ടവുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും നിലവിലുള്ള കരാറുകളും കോസ്റ്റ് ഗാർഡിന് കൈമാറും.

ഇതുവരെ കുവൈത്ത് പോർട്ട്സ് അതോറിറ്റിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഈ സംവിധാനങ്ങളുടെ ഭരണപരവും പ്രവർത്തനപരവുമായ ഉത്തരവാദിത്തമാണ് ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാറുന്നത്.

അധികാരമാറ്റവുമായി ബന്ധപ്പെട്ട അവകാശങ്ങളും നിയമപരമായ ബാധ്യതകളും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിട്ടുള്ള ശേഷിക്കുന്ന സാമ്പത്തിക വിഹിതങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് വിഭാഗത്തിന് കൈമാറണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

തീരുമാനത്തിന് വിരുദ്ധമായ മുൻ വ്യവസ്ഥകൾ റദ്ദാക്കപ്പെടും. ബന്ധപ്പെട്ട മന്ത്രിമാർ അവരവരുടെ അധികാരപരിധിയിൽ തീരുമാനം നടപ്പാക്കേണ്ടതാണ്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

സമുദ്രസുരക്ഷ, തീരസംരക്ഷണം, ബോട്ട് ഗതാഗതത്തിന്റെ മേൽനോട്ടം, നിയമലംഘനങ്ങൾക്കെതിരായ നടപടികൾ എന്നിവയിൽ ഭരണപരമായ ഏകോപനം ശക്തിപ്പെടുത്തുന്നതിനാണ് അധികാരമാറ്റം വഴിയൊരുക്കുന്നത്.