ദോഹ: ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ ചികിത്സയും സൗന്ദര്യവർധക നടപടികളും നടത്തിയ കേസിൽ യൂറോപ്യൻ രാജ്യക്കാരായ മൂന്നുപേരെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.

ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്. അനധികൃത സ്ഥാപനത്തിൽ ചികിത്സയും സൗന്ദര്യവർധക സേവനങ്ങളും നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അന്വേഷണം.

വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചശേഷം പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി. അനധികൃത ചികിത്സാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് മൂന്നുപേരെയും പിടികൂടിയത്.

സ്ഥാപനത്തിൽനിന്ന് ചികിത്സയ്ക്കും സൗന്ദര്യവർധക നടപടികൾക്കും ഉപയോഗിച്ചിരുന്ന നിരവധി ഉപകരണങ്ങളും മെഡിക്കൽ സാമഗ്രികളും പിടിച്ചെടുത്തു.

അറസ്റ്റിലായവരെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടർനിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്നും യോഗ്യതയും അനുമതിയുമുള്ള ആരോഗ്യപ്രവർത്തകരിൽനിന്നും മാത്രമേ ചികിത്സ സ്വീകരിക്കാവൂ എന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.