കുവൈത്ത് സിറ്റി: രാജ്യാന്തര ധനകാര്യ പ്രസിദ്ധീകരണമായ ഗ്ലോബൽ ഫിനാൻസിന്റെ 2026ലെ ഏറ്റവും മികച്ച ഇസ്ലാമിക് ബാങ്കിനുള്ള പുരസ്കാരം കുവൈത്ത് ഫിനാൻസ് ഹൗസ് (KFH) സ്വന്തമാക്കി. ആഗോള ഇസ്ലാമിക് ബാങ്കിങ് മേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം.
ലോകത്തിലെ മികച്ച ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള ഗ്ലോബൽ ഫിനാൻസിന്റെ പത്തൊമ്പതാമത് വാർഷിക പുരസ്കാരങ്ങളിലാണ് കെ.എഫ്.എച്ച് ഗ്രൂപ്പ് ഏഴ് പ്രധാന അംഗീകാരങ്ങൾ സ്വന്തമാക്കിയത്.
ലോകത്തിലെ മികച്ച ഇസ്ലാമിക് ബാങ്ക്, മികച്ച കോർപ്പറേറ്റ് ഇസ്ലാമിക് ബാങ്ക്, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ഇസ്ലാമിക് ബാങ്ക്, മികച്ച ഇസ്ലാമിക് പ്രോജക്ട് ഫിനാൻസ് സേവനദാതാവ് എന്നീ ആഗോള പുരസ്കാരങ്ങൾക്ക് പുറമെ കുവൈത്ത്, ബഹ്റൈൻ, തുർക്കി എന്നിവിടങ്ങളിലെ മികച്ച ഇസ്ലാമിക് ബാങ്കിനുള്ള പുരസ്കാരങ്ങളും ഗ്രൂപ്പിന് ലഭിച്ചു.
തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും 2026ലെ വാർഷിക യോഗങ്ങളോടനുബന്ധിച്ചാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചത്.
കുവൈത്ത് ഫിനാൻസ് ഹൗസിന്റെ കുവൈത്ത് ട്രഷറി വിഭാഗം മേധാവി അഹമ്മദ് അൽ സുമൈത്ത്, ഗ്രൂപ്പ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ മേധാവി യൂസഫ് അബ്ദുല്ല അൽ റുവൈഹ്, കെ.എഫ്.എച്ച് തുർക്കി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉഫുക് ഉയാൻ, കെ.എഫ്.എച്ച് ബഹ്റൈൻ ഗ്രൂപ്പ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബസ്സാം അൽ അലി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ബാങ്കിങ് വികസനം, ഉപഭോക്തൃ സേവനങ്ങളുടെ മെച്ചപ്പെടുത്തൽ, സുസ്ഥിര സാമ്പത്തിക വളർച്ച, മികച്ച ഭരണസംവിധാനം എന്നിവയിൽ ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങളാണ് അംഗീകാരത്തിന് അടിസ്ഥാനം.
പത്ത് രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കെ.എഫ്.എച്ച് ഗ്രൂപ്പ് ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വികസനത്തിനും രാജ്യാന്തര വിപണികളിലെ പ്രവർത്തനവ്യാപനത്തിനും പ്രാധാന്യം നൽകിവരുന്നു.
സാമൂഹിക പ്രതിബദ്ധതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഗ്രൂപ്പിന് പ്രത്യേക പുരസ്കാരം ലഭിച്ചു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, യുവജന ശാക്തീകരണം, വനിതാ വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾക്കാണ് അംഗീകാരം.
ലോകത്തിലെ ഏറ്റവും വലിയ നൂറ് ബാങ്കുകളുടെ പട്ടികയിൽ ഇടംനേടുകയെന്ന ദീർഘകാല ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് കുവൈത്ത് ഫിനാൻസ് ഹൗസ്.