ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ ക്ഷേത്രത്തിലേക്ക് നടന്നുപോവുകയായിരുന്ന തീർത്ഥാടക സംഘത്തിനുനേരെ പുലിയുടെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരനെ പുലി കടിച്ചുവലിച്ചുകൊണ്ടുപോയി. നൂറുകണക്കിന് നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ പരിക്കുകളോടെ കുറ്റിക്കാട്ടിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 12 മണിക്ക് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഹൈദരാബാദ് സ്വദേശിയായ കുട്ടി ശനിയാഴ്ച രാത്രി ബല്ലാർപുർ പട്ടണത്തിൽനിന്ന് ചന്ദ്രപൂർ നഗരത്തിലെ മാതാ മഹാകാളി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർത്ഥാടക സംഘത്തിലുണ്ടായിരുന്നു. വിസാപുർ ടോൾ നാക്കയ്ക്ക് സമീപം അയൽവാസിക്കൊപ്പം നടന്നുപോവുന്നതിനിടെയാണ് പുലി കുട്ടിയെ ആക്രമിച്ച് വലിച്ചിഴച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സംഭവവിവരം പരന്നതോടെ നൂറുകണക്കിന് നാട്ടുകാർ തിരച്ചിലിൽ പങ്കുചേർന്നു. പൊലീസും വനംവകുപ്പ് സംഘങ്ങളും തിരച്ചിൽ ശക്തമാക്കി. ഇതിനിടെ സമീപത്തെ കുറ്റിക്കാട്ടിൽ കുട്ടിയെ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതിനാൽ നിലവിളിച്ച് സഹായം തേടാൻ കഴിഞ്ഞില്ല. ഇതാണ് തിരച്ചിൽ നടത്തിയവർക്ക് സമീപത്തുണ്ടായിരുന്ന കുട്ടിയെ ആദ്യം കണ്ടെത്താൻ കഴിയാതിരുന്നതിന് കാരണമായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആക്രമണം നടത്തിയ പുലിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.