ദോഹ: മാനസികാരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകി ബോധവൽക്കരണ പരിപാടികളും വിദഗ്ധ പരിശീലനങ്ങളും വിപുലീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH).
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ മാസത്തിലുടനീളം വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിലെ സാംക്രമികേതര രോഗപ്രതിരോധ പരിപാടികളുടെ ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽതാനി മാനസികാരോഗ്യം ഖത്തറിന്റെ പ്രധാന ആരോഗ്യ മുൻഗണനകളിലൊന്നാണെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ആറുമാസത്തിനിടെ മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട പ്രവർത്തന നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും ഏകീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച വ്യവസ്ഥകളും പുതുക്കി.
ചികിത്സ തേടുന്ന വ്യക്തികളുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.
മാനസികാരോഗ്യ വിദഗ്ധരുടെ പങ്കാളിത്തത്തോടെ നടത്തിയ തുടർ മെഡിക്കൽ വിദ്യാഭ്യാസ വെബിനാറിൽ രോഗികളിൽ ഉണ്ടാകാവുന്ന അപകടസാധ്യതകൾ കണ്ടെത്തുന്നതും നിയന്ത്രിക്കുന്നതും സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് 2026ലെ വിദ്യാർഥി മാനസികാരോഗ്യ ക്ഷേമപദ്ധതിയും നടപ്പാക്കുന്നുണ്ട്.
യുവജന കേന്ദ്രങ്ങളിലും സ്പോർട്സ് ക്ലബ്ബുകളിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.
എഹ്സാൻ വയോജന സംരക്ഷണ കേന്ദ്രവുമായി സഹകരിച്ചാണ് മുതിർന്നവർക്കായുള്ള പദ്ധതികൾ നടപ്പാക്കുന്നത്.
മാനസികാരോഗ്യ ചികിത്സയോടുള്ള സാമൂഹിക സമീപനം മെച്ചപ്പെടുത്തുകയും ആവശ്യക്കാർക്ക് സമയബന്ധിതമായി വിദഗ്ധസഹായം ലഭ്യമാക്കുകയും ചെയ്യുന്നതാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം.