കുവൈത്ത് സിറ്റി: മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തവണവ്യവസ്ഥയിൽ വാങ്ങി ഉടൻ പണമാക്കി നൽകാമെന്ന വാഗ്ദാനവുമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ഇത്തരം ഇടപാടുകൾ നിയമവിരുദ്ധമാണെന്നും സാമ്പത്തിക തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും വഴിയൊരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സാമ്പത്തിക ആവശ്യങ്ങൾ നേരിടുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ പേരിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിൽനിന്ന് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തവണവ്യവസ്ഥയിൽ വാങ്ങിയശേഷം അവ കൈമാറാൻ ആവശ്യപ്പെടുകയാണ് രീതി. പകരമായി ഉപകരണങ്ങളുടെ വിപണിവിലയെക്കാൾ 40 ശതമാനം വരെ കുറഞ്ഞ തുകയാണ് നൽകുന്നത്.

ഇതിനുപുറമേ, യഥാർഥത്തിൽ കൈപ്പറ്റിയ തുകയെക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയ സാമ്പത്തിക ബാധ്യതാ രേഖകളിൽ ഒപ്പിടാൻ ഇടപാടുകാരെ പ്രേരിപ്പിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിലൂടെ ഉപഭോക്താക്കൾ ഗുരുതരമായ സാമ്പത്തിക ബാധ്യതകളിലും നിയമനടപടികളിലും അകപ്പെടാൻ സാധ്യതയുണ്ട്.

ഇത്തരം പ്രവർത്തനങ്ങൾ നിയമപരവും നിയന്ത്രണപരവുമായ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി സഹകരിച്ച് ഇത്തരം ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളും ഓൺലൈൻ അക്കൗണ്ടുകളും നിരീക്ഷിക്കും.

നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസുകൾ റദ്ദാക്കുന്നതിനും പ്രവർത്തനം അവസാനിപ്പിക്കുന്നതിനും ഉത്തരവാദികളായവരെ ബന്ധപ്പെട്ട നിയമനടപടികൾക്ക് വിധേയരാക്കുന്നതിനും നടപടികൾ സ്വീകരിക്കും.

സാമ്പത്തിക തട്ടിപ്പുകളിൽ ഇരകളാകാതിരിക്കാൻ ഇത്തരം ഇടപാടുകളിൽനിന്ന് പൂർണമായി വിട്ടുനിൽക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.