ഇന്ന് ഞാനും മെഹറുന്നിസയും ഈ വർഷത്തെ വാർഷിക ഇൻഫ്ലുവൻസ (ഫ്ലൂ) വാക്സിൻ സ്വീകരിച്ചു. എന്നാൽ സാമ്പത്തികശേഷിയുള്ളവർക്ക് മാത്രം വാക്സിനേഷൻ സാധ്യമാകുന്ന ഇന്നത്തെ സാഹചര്യം മാറേണ്ടതുണ്ട്. മുതിർന്ന പൗരർക്കുള്ള വാക്സിനേഷൻ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉത്തരവാദിത്തമായി മാറണം.
കേരളസർക്കാർ നിയോഗിച്ച വാക്സിൻ പോളിസി കമ്മിറ്റി 2022-ൽ തന്നെ 65 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വർഷംതോറും ഫ്ലൂ വാക്സിനും ഒരിക്കൽ ന്യൂമോകോക്കൽ വാക്സിനും നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. നിർഭാഗ്യവശാൽ, ഈ ശുപാർശ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മുൻ സർക്കാരിന്റെ അവസാന ബജറ്റിൽ ന്യൂമോകോക്കൽ വാക്സിനായി തുക വകയിരുത്തിയിരുന്നെങ്കിലും ഫ്ലൂ വാക്സിൻ ഉൾപ്പെടുത്തിയിരുന്നില്ല.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ പ്രീ-ബജറ്റ് ചർച്ചയിൽ രണ്ട് വാക്സിനുകൾക്കും തുക വകയിരുത്തേണ്ടതിന്റെ ആവശ്യകത ഞാൻ ഉന്നയിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ പുതിയ സർക്കാർ അവതരിപ്പിച്ച പുതുക്കിയ ബജറ്റിലും ഈ വാക്സിനുകൾക്കായി വിഹിതം ഉൾപ്പെടുത്തിയിട്ടില്ല.
പ്രായമായവരിൽ ഇൻഫ്ലുവൻസയും ന്യൂമോകോക്കൽ അണുബാധകളും ഗുരുതരമായ സങ്കീർണതകൾക്കും ആശുപത്രിവാസത്തിനും കാരണമാകാനുള്ള സാധ്യത കൂടുതലാണ്. മുതിർന്നവരിൽ മാരകമായ ശ്വാസകോശ ന്യൂമോകോക്കൽ ബാക്ടീരിയൽ അണുബാധയ്ക്ക് (Pneumonia) പ്രധാന വാതിൽ (Gateway) ആയി പ്രവർത്തിക്കുന്നത് ഇൻഫ്ലുവൻസ വൈറസ് ബാധയാണ്.
ഫ്ലൂ വൈറസ് ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി തകർക്കുന്നതിലൂടെ, ബാക്ടീരിയകൾക്ക് ശരീരത്തിൽ എളുപ്പത്തിൽ കടന്നുകൂടാനും അവസ്ഥ ഗുരുതരമാക്കാനും സാധിക്കുന്നു. കൂടാതെ, ഇൻഫ്ലുവൻസ മൂലമുണ്ടാകുന്ന അതിതീവ്രമായ ശാരീരിക ആഘാതങ്ങൾ പലപ്പോഴും വയോജനങ്ങളിൽ പെട്ടെന്നുള്ള ഹൃദയാഘാതം (Heart Attack), പക്ഷാഘാതം (Stroke) എന്നിവയ്ക്ക് കാരണമാകാറുണ്ട്.
ഫ്ലൂ ന്യൂമോക്കോക്കൽ വാക്സിനേഷനിലൂടെ ഫ്ലൂവും അതുവഴിയുണ്ടാകുന്ന സങ്കീർണ്ണതകളും തടയുന്നതിലൂടെ, ഒരു 'സമഗ്ര ശ്വാസകോശ സുരക്ഷാകവചം' (Comprehensive Respiratory Shield) ഒരുക്കി വയോജനങ്ങളുടെ ദീർഘകാല ആശുപത്രിവാസം ഒഴിവാക്കാനും സർക്കാർ ആശുപത്രികളിലെ ചികിത്സാച്ചെലവും കുടുംബങ്ങളുടെ ആരോഗ്യച്ചെലവും വലിയതോതിൽ കുറയ്ക്കാനും സാധിക്കും.
വാക്സിനുകളുടെ ഉയർന്നവില സംസ്ഥാന സർക്കാരിന് അമിത സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്ന ആശങ്ക കൊണ്ടാവാം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ മടിക്കുന്നത്.
മുതിർന്നവർ വാക്സിൻ സ്വീകരിക്കേണ്ടതാണെന്ന് സർക്കാർ പ്രഖ്യാപിച്ചാൽ തന്നെ വാക്സിനുകളുടെ വില കുറയാൻ സാധ്യതയുണ്ട്. ഹെപറ്റൈറ്റിസ് ബി വാക്സിൻ്റെ കാര്യത്തിൽ ഇതാണ് അനുഭവം.
സർക്കാർ ആശുപത്രികളിൽ സാമ്പത്തിക ശേഷിയില്ലാത്തവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് വില കുറച്ചും വാക്സിൻ ലഭ്യമാക്കണം.
മരുന്ന് കമ്പനികളുമായി ചർച്ചചെയ്താൽ കുറഞ്ഞ വിലയ്ക്ക് വാക്സിൻ കിട്ടാാൻ സാധ്യതയുണ്ട്. സ്വകാര്യ ആശുപത്രികൾ കുറഞ്ഞ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ അവരോട് ആവശ്യപ്പെടാവുന്നതാണ്. ഇപ്പോൾ നടപ്പിലാക്കിവരുന്ന സർക്കാർ കാരുണ്യ, മെഡിസെപ്പ്, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിൽ വാക്സിനേഷൻ കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. മുതിർന്നവർക്കുള്ള വാക്സിനേഷൻ ദേശീയ വാക്സിൻ പദ്ധതിയിൽ പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാം.
മുതിർന്ന പൗരർക്കുള്ള വാക്സിനേഷൻ സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന ഒരു സൗകര്യമായി തുടരരുത്. അത് മുതിർന്ന പൗരരുടെ അവകാശവും സർക്കാർ ഉറപ്പാക്കേണ്ട പൊതുജനാരോഗ്യ സേവനവുമായി മാറണം.