കുവൈത്ത് സിറ്റി: പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂമുകൾ യഥാർഥ ഉൽപ്പന്നങ്ങളാണെന്ന വ്യാജേന വിൽപ്പന നടത്തിയ രണ്ടുപേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.

വ്യാജ പെർഫ്യൂമുകൾ തയ്യാറാക്കി വിപണനം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികൾ ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

പരിശോധനയിൽ വിവിധതരം പെർഫ്യൂം കുപ്പികൾ, സുഗന്ധദ്രവ്യങ്ങൾ, പെർഫ്യൂം തയ്യാറാക്കുന്നതിനും കുപ്പികളിൽ നിറയ്ക്കുന്നതിനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെത്തി.

പ്രമുഖ ബ്രാൻഡുകളുടെ പേരിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചതെന്നാണ് പ്രതികൾക്കെതിരായ ആരോപണം.