ഷാർജ: രാജ്യാന്തര സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും എതിരെ ഷാർജ പോലീസ് നടത്തിയ വിപുലമായ അന്വേഷണത്തിൽ 12 രാജ്യങ്ങളിൽനിന്നുള്ള 33 പ്രതികളെ അറസ്റ്റ് ചെയ്തു.

യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നടപടിയിലൂടെയാണ് രാജ്യാന്തരതലത്തിൽ പ്രവർത്തിച്ചിരുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയിലെ പ്രധാന പ്രതികളെ പിടികൂടിയത്.

സൈബർ ആക്രമണങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, ഡിജിറ്റൽ വാലറ്റുകളിലെ പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, സാമ്പത്തിക തട്ടിപ്പ്, വിവരക്കടത്ത്, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് സംഘത്തിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

അന്വേഷണ നടപടികളിലൂടെ 6,500 കോടി ദിർഹം മൂല്യമുള്ള കമ്പനികളുടെ ആസ്തികൾ സംരക്ഷിക്കാൻ കഴിഞ്ഞതായി പോലീസ് അറിയിച്ചു.

കോടിക്കണക്കിന് ദിർഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ നടന്ന ഡിജിറ്റൽ വാലറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിൽ കണ്ടെത്തി. വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതികളെ കണ്ടെത്തുന്നതിനായി രാജ്യാന്തര സുരക്ഷാ സഹകരണവും ഉപയോഗപ്പെടുത്തി.

ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമർ വാർത്താസമ്മേളനത്തിലാണ് നടപടികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലുള്ള സുരക്ഷാ സഹകരണം സംഘടിത കുറ്റകൃത്യങ്ങളെ നേരിടുന്നതിൽ നിർണായകമായതായി പോലീസ് വ്യക്തമാക്കി.

രാജ്യാന്തര സാമ്പത്തിക ഇടപാടുകൾ, ഡിജിറ്റൽ ആസ്തികൾ, കമ്പനികളുടെ വിവരസുരക്ഷ എന്നിവയെ ലക്ഷ്യമിടുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് യുഎഇ സുരക്ഷാവിഭാഗങ്ങളുടെ ലക്ഷ്യം.