അബുദാബി: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ യുഎഇ ആഭ്യന്തര മന്ത്രാലയം രാജ്യാന്തര സഹകരണം ശക്തമാക്കുന്നു.

ഫ്രാൻസിലെ പാരിസിൽ ഒക്ടോബർ 14 മുതൽ 16 വരെ നടന്ന ഇന്റർനാഷണൽ റോഡ് ട്രാഫിക് ആൻഡ് ആക്സിഡന്റ് ഡാറ്റാബേസ് ഗ്രൂപ്പിന്റെ (IRTAD) 42-ാമത് യോഗത്തിൽ യുഎഇ പ്രതിനിധിസംഘം പങ്കെടുത്തു.

ദുബായ് പോലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സുവൈദാനാണ് പ്രതിനിധിസംഘത്തിന് നേതൃത്വം നൽകിയത്.

ദുബായ് പോലീസിലെ എൻജിനീയർ അബ്ദുല്ല ഗാലിബ് അൽ ഫലാസി, പോലീസ് കോളേജ് അധ്യാപിക ലെഫ്റ്റനന്റ് കേണൽ ഡോ. ആംന മുഹമ്മദ് അൽ സാദി, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിലെ ഡോ. എൻജിനീയർ സുമയ്യ അൽ നെയാദി, ഫസ്റ്റ് ലെഫ്റ്റനന്റ് ഫാത്തിമ അൽ ഹമ്മാദി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഗതാഗത അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്തുക, ഗതാഗത വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുക, അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

ഡോ. സുമയ്യ അൽ നെയാദി 'ഇന്റലിജന്റ് ട്രാഫിക് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രബന്ധത്തിൽ വിശദീകരിച്ചത്.

ആധുനിക സാങ്കേതികവിദ്യയും രാജ്യാന്തര അനുഭവങ്ങളും പ്രയോജനപ്പെടുത്തി റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.