കുവൈത്ത് സിറ്റി: രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ അഞ്ച് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടു. ഒരു സ്വകാര്യ ലബോറട്ടറിയുടെ പ്രവർത്തനം നിർത്തിവെക്കാനും മന്ത്രി നിർദേശം നൽകി.
രണ്ട് മെഡിക്കൽ സെന്ററുകൾ, ഒരു പോളിക്ലിനിക്, ഒരു ദന്തചികിത്സാ കേന്ദ്രം, ഒരു സ്വകാര്യ ക്ലിനിക് എന്നിവയാണ് അടച്ചുപൂട്ടിയത്. ഇതിനു പുറമേ മറ്റൊരു പോളിക്ലിനിക്കിലെ ലബോറട്ടറി വിഭാഗത്തിന്റെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസിങ് വിഭാഗവും പ്രത്യേക പരിശോധനാ സമിതികളും നടത്തിയ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
അനുമതിയില്ലാതെ നഴ്സ് രോഗിക്ക് ലേസർ ചികിത്സ നൽകിയതും റേഡിയോളജി പ്രവർത്തനത്തിനുള്ള ലൈസൻസില്ലാതെ ദന്തഡോക്ടർ എക്സ്റേ പരിശോധന നടത്തിയതും കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.
അംഗീകൃത ലൈസൻസിന്റെ പരിധിക്ക് പുറത്തുള്ള ചികിത്സാ സേവനങ്ങൾ നൽകുകയും അനുമതിയില്ലാത്ത ചികിത്സാ വിഭാഗങ്ങളെക്കുറിച്ച് പരസ്യം ചെയ്യുകയും ചെയ്തതായും പരിശോധനയിൽ വ്യക്തമായി.
ലബോറട്ടറിയിൽ എയർ കണ്ടീഷനിങ് സംവിധാനം തകരാറിലായതിനെ തുടർന്ന് താപനില ഉയർന്ന നിലയിലായിരുന്നു. ഇതു പരിശോധനാ സാമ്പിളുകളുടെയും രാസവസ്തുക്കളുടെയും സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
കാലാവധി കഴിഞ്ഞ പരിശോധനാ സാമഗ്രികളും ടെസ്റ്റ് ട്യൂബുകളും കണ്ടെത്തിയതിനു പുറമേ, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, അപകടകരമായ മെഡിക്കൽ മാലിന്യങ്ങളുടെ സംസ്കരണം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, ഗുണനിലവാര നിയന്ത്രണം എന്നിവയിലും വീഴ്ചകൾ കണ്ടെത്തി.
ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരായ അന്വേഷണം പൂർത്തിയാകുന്നതുവരെ അടച്ചുപൂട്ടൽ നടപടികൾ തുടരും. മെഡിക്കൽ റെസ്പോൺസിബിലിറ്റി അതോറിറ്റിയാണ് നിയമലംഘനങ്ങളും ചികിത്സാപരമായ പിഴവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കുന്നത്.
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.