റിയാദ്: മേഖലയിൽ സുരക്ഷാ ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ പ്രാദേശിക അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി.
ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങൾക്കു പിന്നാലെ സുരക്ഷാ സാഹചര്യം ആശങ്കാജനകമായ പശ്ചാത്തലത്തിലാണ് സൗദി അധികൃതർ അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുന്നവർക്കായി പുതുക്കിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ദേശീയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ നാഷണൽ ഏർലി വാണിങ് പ്ലാറ്റ്ഫോം വഴി മുന്നറിയിപ്പുകൾ ലഭിക്കുന്നവർ നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് എംബസി ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച നിർദേശങ്ങൾ പ്രകാരം, മുന്നറിയിപ്പ് ലഭിച്ചാൽ പരിഭ്രാന്തരാകാതെ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം. കെട്ടിടത്തിനുള്ളിലെ ഏറ്റവും അടുത്ത സുരക്ഷിതമായ സ്ഥലത്തേക്ക് ഉടൻ മാറണം. ജനലുകളിൽനിന്ന് അകന്ന്, കെട്ടിടത്തിന്റെ ഉൾഭാഗത്തുള്ള മുറിയിൽ അഭയം തേടുന്നതാണ് ഉചിതം. അപകടസാധ്യത അവസാനിക്കുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരണമെന്നും നിർദേശത്തിൽ പറയുന്നു.
കൂടാതെ, അപകട മുന്നറിയിപ്പ് നിലനിൽക്കുന്ന സമയത്ത് വീടുകളിൽനിന്നോ കെട്ടിടങ്ങളിൽനിന്നോ പുറത്തേക്ക് പോകരുത്. തുറസ്സായ സ്ഥലങ്ങൾ, ജനലുകൾ, ഗ്ലാസ് എന്നിവയിൽനിന്ന് അകന്നുനിൽക്കണം. ബാൽക്കണികളിലും മേൽക്കൂരകളിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.