മനാമ: സൗദി അറേബ്യയ്ക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മന്ത്രിതല യോഗം. സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് കൗൺസിൽ വ്യക്തമാക്കി.
ഒക്ടോബർ 18ന് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ചേർന്ന ജിസിസി മന്ത്രിതല കൗൺസിലിന്റെ 168-ാമത് സമ്മേളനത്തിലാണ് നിലപാട് പ്രഖ്യാപിച്ചത്. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറലും പങ്കെടുത്തു.
സൗദി അറേബ്യയിലെ വിശുദ്ധ കേന്ദ്രങ്ങൾ, സിവിലിയൻ വിമാനത്താവളങ്ങൾ, പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളെ യോഗം അപലപിച്ചു. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ജിസിസിയിലെ ഏതെങ്കിലും അംഗരാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്ന് മന്ത്രിതല കൗൺസിൽ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ 51-ാം അനുച്ഛേദത്തിനും സംയുക്ത പ്രതിരോധ കരാറിനും അനുസൃതമായി സ്വയം പ്രതിരോധിക്കാനുള്ള അവകാശം അംഗരാജ്യങ്ങൾക്കുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
ഹൂതികൾക്കുള്ള ആയുധവിതരണം തടയണമെന്നും ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ പ്രമേയങ്ങൾ നടപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും യോഗം മുന്നോട്ടുവച്ചു.
ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമെതിരായ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെയും യോഗം അപലപിച്ചു. ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ്, ചെങ്കടൽ എന്നിവിടങ്ങളിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും മന്ത്രിതല യോഗം ആവശ്യപ്പെട്ടു.
മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താൻ അന്താരാഷ്ട്ര നിയമങ്ങളും നയതന്ത്ര ചർച്ചകളും അടിസ്ഥാനമാക്കിയുള്ള നടപടികൾക്ക് പ്രാധാന്യം നൽകണമെന്നും കൗൺസിൽ വ്യക്തമാക്കി.