കുവൈത്ത് സിറ്റി: സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് അനധികൃതമായി മണൽ ഖനനം ചെയ്ത് വിൽപ്പന നടത്തിയെന്ന കേസിൽ രണ്ടുപേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. വഫ്ര മേഖലയിലാണ് നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയത്.
സർക്കാർ ഭൂമിയിൽനിന്ന് അനുമതിയില്ലാതെ മണൽ ശേഖരിക്കുകയും അത് വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുകയും ചെയ്തെന്ന ആരോപണത്തിലാണ് പ്രതികൾ പിടിയിലായത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ അന്വേഷണത്തിൽ മണൽ നീക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഭാരവാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കണ്ടെത്തി. രാത്രിസമയത്ത് നടന്ന പരിശോധനയുടെ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവങ്ങൾ അനധികൃതമായി കൈക്കലാക്കി വിൽപ്പന നടത്തുന്നത് സംബന്ധിച്ചാണ് കേസ്. വഫ്രയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.