ചെന്നൈ: ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ മാസ് ചിത്രങ്ങളിലൊന്നായ രജനികാന്ത് ചിത്രം ‘ബാഷ’യെക്കുറിച്ചുള്ള പുതിയൊരു രസകരമായ ഓർമ്മക്കുറിപ്പ് സിനിമാലോകത്ത് ശ്രദ്ധ നേടുന്നു. അമിതാബ് ബച്ചൻ നായകനായ ഹിന്ദി ചിത്രം ‘ഹം’ എന്ന സിനിമയുടെ കഥാതന്തുവിനെ ആസ്പദമാക്കി ഒരുക്കിയ ബാഷയിൽ രജനികാന്തും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന് സംഗീതം നൽകിയത് പ്രശസ്ത സംഗീത സംവിധായകൻ ദേവയായിരുന്നു.
ചിത്രത്തിലെ മനോഹരമായ ഒരു ഗാനവുമായി ബന്ധപ്പെട്ട കൗതുകകരമായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യേശുദാസും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച ഗാനത്തിന് അതിമനോഹരമായ ഈണവും ഓർക്കസ്ട്രേഷനുമാണ് ദേവ ഒരുക്കിയത്. ഗാനരംഗത്തിൽ രജനികാന്ത് പലതരത്തിലുള്ള രാജകീയ വേഷങ്ങളിലും നായികയായി നഗ്മയും അഭിനയിച്ചിരുന്നു.
പാട്ടിന്റെ ഇടയിലുള്ള ഒരു ഭാഗത്ത് ഷേക്സ്പിയറുടെ പ്രശസ്തമായ കഥാപാത്രമായ ജൂലിയസ് സീസറിന്റെ വേഷത്തിൽ രജനികാന്ത് അഭിനയിക്കുന്ന ഒരു രംഗം സംവിധായകൻ പ്ലാൻ ചെയ്തിരുന്നു.
ഇതിനായി "സീസർ... സീസർ..." എന്ന് തുടങ്ങുന്ന കോറസ് ഭാഗം സംഗീത സംവിധായകൻ ദേവ സവിധാനം ചെയ്യുകയും, ഗായകർ സ്റ്റുഡിയോയിൽ പാടാൻ തയ്യാറെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ കമ്പോസിങ്ങിനിടയിൽ ഈ കോറസ് ഭാഗം കേട്ട രജനികാന്ത് ദേവയെ ഒന്നു നോക്കി. രജനിക്ക് ആ ആശയം അത്രപിടിച്ചില്ലെന്ന് സംഗീത സംവിധായകന് പെട്ടെന്ന് തന്നെ മനസ്സിലായി. എന്താണ് കുഴപ്പമെന്ന് ആലോചിച്ച് ദേവ ആശങ്കയോടെ ഇരിക്കുമ്പോൾ രജനി പറഞ്ഞു:
"ജൂലിയസ് സീസറിനെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ ഒരു പ്രത്യേക സങ്കൽപ്പമുണ്ട്. ആ വേഷത്തിൽ ഞാൻ വന്നാൽ അത് ശരിയാകില്ല."
താൻ ഏത് വേഷത്തിൽ വന്നാലും തിയേറ്ററിൽ കയ്യടിച്ച് സ്വീകരിക്കാൻ ലക്ഷക്കണക്കിന് ആരാധകരുള്ള സമയത്താണ്, സ്വന്തം പരിമിതികളെയും കഥാപാത്രത്തിന്റെ ഔചിത്യത്തെയും കുറിച്ച് രജനികാന്ത് ചിന്തിച്ചത്. മറ്റൊരു സൂപ്പർതാരവും അത്തരമൊരു രംഗം ഒഴിവാക്കാൻ തയ്യാറാകില്ലായിരുന്നു എന്ന് പിന്നീട് ദേവ ഈ സംഭവത്തെക്കുറിച്ച് ഓർത്തെടുത്തിട്ടുണ്ട്.
തുടർന്ന് പാട്ടിലെ "സീസർ സീസർ" എന്ന കോറസ് പോർഷൻ പൂർണ്ണമായും ഒഴിവാക്കിയാണ് ആ ഗാനം പിന്നീട് പ്രേക്ഷകരിലേക്ക് എത്തിയത്. സ്വന്തം താരപ്പൊലിപ്പിനേക്കാൾ ചിത്രത്തിന്റെ വിജയത്തിനും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കും പ്രാധാന്യം നൽകിയ രജനികാന്തിന്റെ ഈ വലിയ മനസ്സ് ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.