ദോഹ: ഖത്തറിൽ താമസാനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് സഹായം ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസനിയമം ലംഘിച്ചെങ്കിലും മറ്റ് ക്രിമിനൽ കേസുകളോ നിയമനടപടികളോ നിലവിലില്ലാത്ത പ്രവാസികൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സെർച്ച് ആൻഡ് ഫോളോഅപ്പ് ഡിപ്പാർട്ട്‌മെന്റിനെ സ്വമേധയാ സമീപിക്കാം.

സെർച്ച് ആൻഡ് ഫോളോഅപ്പ് വിഭാഗത്തിലെ ഡിറ്റൻഷൻ സെക്ഷൻ മേധാവി മേജർ സൗദ് ഹമദ് അൽ ബുറൈദിയാണ് പ്രവാസികൾക്കുള്ള നിർദേശം വ്യക്തമാക്കിയത്.

താമസാനുമതിയുടെ കാലാവധി കഴിഞ്ഞവർ അധികൃതരിൽനിന്ന് ഒളിച്ചുനടക്കുന്നതിന് പകരം ബന്ധപ്പെട്ട വകുപ്പിനെ നേരിട്ട് സമീപിച്ച് തങ്ങളുടെ സാഹചര്യം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അപേക്ഷകരുടെ താമസരേഖകളും നിയമപരമായ സാഹചര്യങ്ങളും ഫോളോഅപ്പ് വിഭാഗം പരിശോധിക്കും. നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് പരിശോധനയ്ക്കുശേഷം തീരുമാനിക്കും.

അധിക നിയമനടപടികൾ ആവശ്യമായ കേസുകളിൽ ബാധകമായ നിയമങ്ങൾക്കനുസരിച്ചായിരിക്കും നടപടികൾ പൂർത്തിയാക്കുക.

താമസനിയമം ലംഘിച്ച എല്ലാവർക്കും സ്വമേധയാ പിഴയിളവോ പൊതുമാപ്പോ അനുവദിച്ചുവെന്ന പ്രഖ്യാപനമല്ല ഇത്. ഓരോ അപേക്ഷയും വ്യക്തിഗത സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നത്.

പ്രത്യേകിച്ച് താമസരേഖകൾ സംബന്ധിച്ച ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് മന്ത്രാലയത്തിന്റെ നിർദേശം പ്രാധാന്യമർഹിക്കുന്നു.