അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമിട്ട് വിസ ക്രമീകരണം, എമർജൻസി സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ്, എമിറേറ്റ്സ് ഐഡി, തൊഴിൽ അനുമതി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന അനധികൃത ഏജന്റുമാർക്കെതിരെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
പ്രത്യേകിച്ച് സാധാരണ തൊഴിലാളികളെയാണ് തട്ടിപ്പുസംഘങ്ങൾ കൂടുതലായി ലക്ഷ്യമിടുന്നത്.
സേവനങ്ങൾ ലഭ്യമാക്കുന്നതിനെന്ന പേരിൽ പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, വിരലടയാളം, മുഖം സ്കാൻ ചെയ്യുന്ന ബയോമെട്രിക് വിവരങ്ങൾ എന്നിവയാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.
ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പ്രവാസികളുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും വായ്പകളും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും തട്ടിപ്പുകാർ ശ്രമിക്കുന്നതായി എംബസി വ്യക്തമാക്കി.
ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് അറിയാത്ത സാമ്പത്തിക ബാധ്യതകൾ, പിഴകൾ, യാത്രാവിലക്കുകൾ, ചില സാഹചര്യങ്ങളിൽ തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമപ്രശ്നങ്ങൾ എന്നിവ നേരിടേണ്ടിവരാം.
പാസ്പോർട്ടോ എമർജൻസി സർട്ടിഫിക്കറ്റോ നൽകുന്നതിന് അപേക്ഷകരിൽനിന്ന് വിരലടയാളമോ മുഖം സ്കാനോ ഇന്ത്യൻ എംബസി ആവശ്യപ്പെടുന്നില്ല.
എമിറേറ്റ്സ് ഐഡി, എക്സിറ്റ് പെർമിറ്റ്, വിസ ക്രമീകരണം എന്നിവയ്ക്ക് ആവശ്യമായ ബയോമെട്രിക് നടപടികൾ യുഎഇ സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രങ്ങളിൽ മാത്രമേ പൂർത്തിയാക്കാവൂ.
സംശയാസ്പദമായ ഏജന്റുമാരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തെ ബന്ധപ്പെടണമെന്ന് എംബസി നിർദേശിച്ചു.
പ്രവാസി സഹായത്തിന്: 800 46342 എന്ന ടോൾ ഫ്രീ നമ്പറിലോ +971 54 309 0571 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇമെയിൽ: pbsk.dubai@mea.gov.in.