ദുബായ്: വിദേശരാജ്യങ്ങളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് വിശ്വസിപ്പിച്ച് താമസക്കാരെ ഭീഷണിപ്പെടുത്തുകയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം കൈക്കലാക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ഏകദേശം 1.19 കോടി ദിർഹമാണ് തട്ടിപ്പിലൂടെ കൈക്കലാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഔദ്യോഗിക സ്ഥാപനങ്ങളുടെയും രാജ്യാന്തര ഏജൻസികളുടെയും പ്രതിനിധികളാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രതികൾ ഇരകളെ ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.

ഇരകളുടെ പേരിൽ വിദേശരാജ്യങ്ങളിൽ ഗുരുതരമായ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും നിയമനടപടികൾ ഒഴിവാക്കാൻ അടിയന്തരമായി പണം കൈമാറണമെന്നും സംഘം ആവശ്യപ്പെട്ടു.

ബാങ്ക് അക്കൗണ്ടുകളിലെ തുക പരിശോധനയ്ക്കായി വിദേശ അക്കൗണ്ടുകളിലേക്ക് അയയ്ക്കണമെന്നും പിന്നീട് പണം തിരിച്ചുനൽകുമെന്നും വിശ്വസിപ്പിച്ചു.

ഇത്തരത്തിൽ നിരവധി താമസക്കാരിൽനിന്ന് പണം നഷ്ടപ്പെട്ടതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ദുബായ് പോലീസിന്റെ ആന്റി ഫ്രോഡ് സെന്റർ അന്വേഷണം ആരംഭിച്ചു.

പ്രതികളുടെ പ്രവർത്തനരീതിയും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച അന്വേഷണസംഘം രണ്ടുപേരെ അറസ്റ്റ് ചെയ്തു.

പോലീസ്, കോടതി, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പേരിൽ വരുന്ന ഫോൺകോളുകളിൽ വിശ്വസിച്ച് പണം കൈമാറരുതെന്നും വ്യക്തിഗത ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.