ദുബായ്: യുഎഇയുടെ ഏകീകൃത അധ്യയന കലണ്ടർ പിന്തുടരുന്ന സ്കൂളുകളിൽ ഒന്നാം സെമസ്റ്ററിലെ ഇടക്കാല അവധി അവസാനിക്കാനിരിക്കെ ഒക്ടോബർ 19 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.
2026–2027 അധ്യയന വർഷത്തിലെ ഔദ്യോഗിക കലണ്ടർ പ്രകാരം ഒക്ടോബർ 12 മുതൽ 16 വരെയാണ് ഇടക്കാല അവധി നിശ്ചയിച്ചിരുന്നത്. തുടർന്നുള്ള ശനി, ഞായർ വാരാന്ത്യ അവധികൾക്കുശേഷമാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങുന്നത്.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏകീകൃത കലണ്ടർ പിന്തുടരുന്ന പൊതുവിദ്യാലയങ്ങൾക്കും സ്വകാര്യ സ്കൂളുകൾക്കും ഈ സമയക്രമം ബാധകമാണ്.
എന്നാൽ സിബിഎസ്ഇ ഉൾപ്പെടെയുള്ള ചില ഇന്ത്യൻ, ഏഷ്യൻ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകൾക്ക് വ്യത്യസ്ത അവധിക്കലണ്ടറുകൾ ഉണ്ടായേക്കും. അതിനാൽ രക്ഷിതാക്കൾ അതത് സ്കൂളുകൾ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കേണ്ടതാണ്.
2026 ഓഗസ്റ്റ് 31നാണ് അധ്യയന വർഷം ആരംഭിച്ചത്. 2027 ജൂലൈ രണ്ടിന് അധ്യയന വർഷം അവസാനിക്കും.
ഡിസംബർ 14 മുതൽ ജനുവരി മൂന്ന് വരെയാണ് ശൈത്യകാല അവധി. ജനുവരി നാലിന് ക്ലാസുകൾ പുനരാരംഭിക്കും. 2027 ഏപ്രിൽ അഞ്ചു മുതൽ 11 വരെയാണ് വസന്തകാല അവധി.