ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിലെ ഗുൻമ പ്രവിശ്യയിലെ ടോമിയോക്ക നഗരത്തിൽ നിന്ന് കണ്ടെടുത്ത പ്രാചീന ഫോസ്സിലുകളിൽ നടത്തിയ ദീർഘകാല പഠനത്തിനൊടുവിൽ, പുതിയൊരു സ്പേം തിമിംഗല (Sperm Whale) വർഗ്ഗത്തെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു.
155 ലക്ഷം വർഷങ്ങൾക്ക് (15.5 Million Years) മുൻപ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഈ പ്രാചീന ജീവിയുടെ കണ്ടെത്തൽ ജീവശാസ്ത്ര ലോകത്തിന് വലിയ മുന്നേറ്റമാണ് സമ്മാനിച്ചിരിക്കുന്നത്.
1994-ൽ ടോമിയോക്കയിൽ നിന്ന് ആദ്യമായി കുഴിച്ചെടുത്ത ഫോസ്സിൽ അവശിഷ്ടങ്ങളിൽ ഗുൻമ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ വിദഗ്ധർ നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ഇത് തികച്ചും പുതിയൊരു ഇനമാണെന്ന് സ്ഥിരീകരിച്ചത്.
ജപ്പാനിൽ ഫോസ്സിലുകൾ വിശകലനം ചെയ്ത് ഒരു പുതിയ സ്പേം തിമിംഗല ഇനത്തെ തിരിച്ചറിയുന്നത് ഇത് മൂന്നാം തവണ മാത്രമാണ്.
പഠന റിപ്പോർട്ട് അനുസരിച്ച്, ഈ പുതിയ വർഗ്ഗം പ്രാചീന തിമിംഗലങ്ങളുടെയും ആധുനിക കാലത്തെ തിമിംഗലങ്ങളുടെയും സവിശേഷതകൾ ഒരേപോലെ കാണിക്കുന്ന ഒന്നാണ്.
ഇന്നത്തെ സ്പേം തിമിംഗലങ്ങൾ ആഴക്കടലിലേക്ക് ഊളിയിട്ടിറങ്ങി ഇരയെ വിഴുങ്ങുകയാണ് ചെയ്യാറുള്ളതെങ്കിൽ, ഇരയെ കടിച്ചെടുത്ത് വേട്ടയാടിയിരുന്ന പ്രാചീന തിമിംഗലങ്ങളുടെ സവിശേഷതകളും ഇതിനുണ്ട്.
കടൽജീവികളുടെ പരിണാമ ക്രമത്തെക്കുറിച്ചും ദാശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള പസഫിക് സമുദ്രത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ കൗതുകകരമായ കണ്ടെത്തൽ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.
ഈ കണ്ടെത്തലോടെ ആഗോളതലത്തിൽ പുരാവസ്തു-ജീവശാസ്ത്ര മേഖലകളിൽ ജപ്പാൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.