തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യം
വിജയവാഡ: 2023ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമത്തെ പിന്തുണച്ചത് വലിയ തെറ്റായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. ജനാധിപത്യത്തിൽ വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ അനിവാര്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന നടപടികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള 2023ലെ നിയമത്തെ തന്റെ പാർട്ടി പിന്തുണച്ചതിൽ ഖേദമുണ്ടെന്ന് ജഗൻ പറഞ്ഞു. നിയമന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരെ ഉൾപ്പെടുത്തിയ നടപടിയെയാണ് അദ്ദേഹം വിമർശിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ടതുണ്ടെന്ന് ജഗൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ നിയമന നടപടികളിൽ കൂടുതൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ നിയമന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വീണ്ടും ഉൾപ്പെടുത്തണമെന്ന ആവശ്യവും ജഗൻ മുന്നോട്ടുവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനവും ഉറപ്പാക്കുന്നതിനായി നിയമത്തിൽ മാറ്റം വരുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
2023ലെ നിയമത്തെ പാർലമെന്റിൽ പിന്തുണച്ച വൈഎസ്ആർ കോൺഗ്രസ് ഇപ്പോൾ നിലപാട് പുനഃപരിശോധിക്കുകയാണെന്നതും രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായിരിക്കുകയാണ്.