തിരുവനന്തപുരം: ബേക്കറികളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ തീരുമാനം 24 മണിക്കൂറിനുള്ളിൽ പിൻവലിച്ച് കേരള സർക്കാർ. 15.5 ശതമാനം ആൽക്കഹോൾ അടങ്ങിയ പഴങ്ങളിൽനിന്ന് നിർമിക്കുന്ന ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതിനെച്ചൊല്ലി വിവാദം ഉയർന്നതോടെയാണ് നടപടി.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2024ൽ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് ലൈസൻസുള്ള ബേക്കറികൾക്കും ഷോപ്പിങ് സെന്ററുകൾക്കും ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയത്. ചക്ക, കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം തുടങ്ങിയ പഴങ്ങളിൽനിന്ന് നിർമിക്കുന്ന വൈൻ വഴി കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ, പുതിയ മദ്യനയം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെ ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പന ആരംഭിച്ചത് സർക്കാരിൽ അതൃപ്തിയുണ്ടാക്കി. മുഖ്യമന്ത്രിയുടെയോ എക്സൈസ് മന്ത്രിയുടെയോ അറിവില്ലാതെയാണ് ലൈസൻസ് അനുവദിച്ചതെന്നാണ് റിപ്പോർട്ട്.

എക്സൈസ് മന്ത്രി എം. ലിജു ഉത്തരവ് റദ്ദാക്കുകയും എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ലൈസൻസ് അനുവദിച്ച അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ ചുമതലയിൽനിന്ന് മാറ്റി പകരം വി. സുഭാഷിനെ നിയമിച്ചു.

ഹോർട്ടി വൈൻ വിൽപ്പന സംബന്ധിച്ച ചട്ടങ്ങളുടെ ഗുണദോഷങ്ങൾ പരിശോധിക്കാൻ നിയമ, നികുതി വകുപ്പ് സെക്രട്ടറിമാരോടും മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും മദ്യം ലഭ്യമാക്കുന്നതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും സർക്കാർ പരിശോധിക്കും.

തൃശൂർ ചാലക്കുടയിലെ എം.ആർ.സി. ബേക്കറിയാണ് ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നത്. നിശ്ചിത ലൈസൻസ് ഫീസ് ഈടാക്കിയശേഷം അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാർ തീരുമാനം വന്നതോടെ വിൽപ്പന തടയാനുള്ള നടപടികളിലേക്ക് കടന്നു.