ചെന്നൈ: 75-ാം വയസ്സിലും സിനിമാരംഗത്ത് സജീവമായി തുടരുകയാണ് സൂപ്പർതാരം രജനികാന്ത്. ഊർജവും ശാരീരികക്ഷമതയും ആവശ്യമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന താരത്തിന്റെ വ്യായാമശീലങ്ങളും ഭക്ഷണക്രമവും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘ജയിലർ 2’ ചിത്രത്തിലെ സഹതാരം മിർണ മേനോൻ രജനികാന്തിന്റെ ദിനചര്യയെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് താരത്തിന്റെ ഫിറ്റ്നസ് വീണ്ടും ചർച്ചയായത്.
ഒരു അഭിമുഖത്തിൽ രജനികാന്തിന്റെ ശീലങ്ങളെക്കുറിച്ച് മിർണ പറഞ്ഞത് ഇങ്ങനെ: “രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്തശേഷം അദ്ദേഹം ഷൂട്ടിങ് സെറ്റിലെത്തുന്നത് എനിക്ക് ഇഷ്ടമാണ്. കൃത്യമായ ഭക്ഷണക്രമവും ദിനചര്യയും അദ്ദേഹം പിന്തുടരുന്നു. നീന്തലും ട്രെഡ്മില്ലിലെ ഓട്ടവും വ്യായാമത്തിന്റെ ഭാഗമാണ്. ഞങ്ങൾ ഷൂട്ടിങ് നടത്തിയ പല സ്ഥലങ്ങളിലും ജിം സൗകര്യങ്ങളുണ്ടായിരുന്നില്ല. അതിനാൽ വ്യായാമത്തിനുള്ള ഉപകരണങ്ങൾ അദ്ദേഹം മുറിയിൽ തന്നെ ഒരുക്കിയിരുന്നു.”
ഭക്ഷണത്തിലും ശ്രദ്ധ
രജനികാന്തിന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് മിർണ പറഞ്ഞത്: “അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് ഞാൻ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ സെറ്റിൽനിന്ന് കേട്ടിട്ടുള്ളത് എരിവും എണ്ണയും കൂടുതലുള്ള ഭക്ഷണം അദ്ദേഹം ഇഷ്ടപ്പെടാറില്ലെന്നാണ്. പാൽ, തൈര്, വെളുത്ത അരി, പഞ്ചസാര തുടങ്ങിയവയും പൊതുവെ ഒഴിവാക്കാറുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ലളിതമായ ഭക്ഷണമാണ് അദ്ദേഹം പിന്തുടരുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നു.”
സ്ഥിരതയുള്ള ശീലങ്ങളാണ് പ്രധാനം
പ്രായം കൂടുന്നതിനനുസരിച്ച് വ്യായാമത്തിൽ സ്ഥിരത പുലർത്തുന്നതിന്റെയും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന്റെയും പ്രാധാന്യമാണ് രജനികാന്തിന്റെ ജീവിതശൈലി വ്യക്തമാക്കുന്നത്. എന്നാൽ ആരോഗ്യത്തോടെ തുടരാൻ ഒരു താരത്തിന്റെ ജീവിതരീതി അതേപടി അനുകരിക്കേണ്ടതില്ല.
ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, ശാരീരികശേഷി, പോഷകാവശ്യങ്ങൾ എന്നിവ കണക്കിലെടുത്തായിരിക്കണം വ്യായാമവും ഭക്ഷണക്രമവും തിരഞ്ഞെടുക്കേണ്ടത്. മറ്റൊരാളുടെ ദിനചര്യയിൽനിന്ന് ആരോഗ്യകരമായ ശീലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി സ്വന്തം ജീവിതത്തിന് അനുയോജ്യമായ രീതിയിൽ അവ ഉൾപ്പെടുത്തുകയാണ് ഉചിതം.