മുംബൈ: ജാതിവിവേചനത്തിനെതിരെ പ്രതിഷേധിച്ച ഐഐടി ബോംബെ വിദ്യാർഥികൾക്ക് നേരെ പൊലീസ് അതിക്രമം നടത്തിയതായി ആരോപണം. പ്രതിഷേധത്തിനിടെ പൊലീസ് മർദിക്കുകയും ചവിട്ടുകയും ചെയ്തെന്നും വിദ്യാർഥിനികളെ അനുചിതമായി സ്പർശിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. ഒരു വിദ്യാർഥിനിയുടെ വസ്ത്രം കീറിയതായും പരാതിയുണ്ട്.
ദളിത് ബി.ടെക് വിദ്യാർഥിയായ സാഹിൽ വാകോഡെയുടെ മരണത്തിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ട് ഒരു മാസമായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിന് സമീപം വിദ്യാർഥികൾ പ്രതിഷേധിച്ചുവരികയാണ്. ക്യാമ്പസിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.
ഞായറാഴ്ച പൊലീസ് രണ്ടുതവണ ക്യാമ്പസിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്. രാവിലെ പ്രതിഷേധിച്ച എട്ട് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് രാംബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷം ഇവരെ വിട്ടയച്ചു. ഉച്ചയ്ക്ക് വിദ്യാർഥികൾ പ്രതിഷേധം തുടർന്നതോടെ പൊലീസ് വീണ്ടും ക്യാമ്പസിലെത്തി ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചതായി വിദ്യാർഥികൾ പറഞ്ഞു.
പൊലീസ് വിദ്യാർഥികളുടെ വയറ്റിൽ ചവിട്ടുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തെന്നാണ് ഒരു വിദ്യാർഥിനി പറഞ്ഞത്. പൊലീസ് വിദ്യാർഥിനികളെയും വെറുതെവിട്ടില്ലെന്നും അവർ ആരോപിച്ചു. പ്രതികാര നടപടികൾ ഭയന്ന് പേര് വെളിപ്പെടുത്താൻ വിദ്യാർഥിനി തയ്യാറായില്ല.
വിദ്യാർഥികളുടെ ആവശ്യങ്ങൾ
സാഹിൽ വാകോഡെയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാതാപിതാക്കൾ പ്രൊഫസർ സൂര്യനാരായണ ദൂല്ലയ്ക്കെതിരെ ജാതിവിവേചനം ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്.
പ്രൊഫസർ ദൂല്ലയെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യുക, സാഹിലിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം നടത്തുക, അധ്യാപകർക്കായി വ്യക്തമായ പെരുമാറ്റച്ചട്ടം രൂപീകരിക്കുക, വിദ്യാർഥികളുടെ മാനസികാരോഗ്യ പിന്തുണാ സംവിധാനം പരിഷ്കരിക്കുക, വിവിധ സമിതികളിൽ വിദ്യാർഥി പ്രാതിനിധ്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
പരീക്ഷയ്ക്കിടെ പ്രൊഫസർ ദൂല്ല ക്ലാസ് മുറിയിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സാഹിൽ കഴിഞ്ഞ മാസം ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം ആരോപിച്ചെങ്കിലും പിന്നീട് പ്രസ്താവന പിൻവലിച്ച് ക്ഷമാപണം നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ജാമിയ മില്ലിയയിലും വിദ്യാർഥി പ്രതിഷേധം
ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലും വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഒക്ടോബർ 12ന് ആരംഭിച്ച നിരാഹാര സമരത്തിനിടെ ഒക്ടോബർ 17ന് സർവകലാശാല എബിൻ ബേസിലിനെ ഒരു വർഷത്തേക്ക് പുറത്താക്കുകയും മറ്റ് രണ്ട് വിദ്യാർഥികൾക്ക് ആറുമാസത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ശനിയാഴ്ച ഡൽഹി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് നൂറോളം പ്രതിഷേധക്കാരെ ബലമായി ഒഴിപ്പിച്ചതായും 30ലധികം വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. വിട്ടയച്ചശേഷം ഇവരെ ക്യാമ്പസിലേക്ക് മടങ്ങാൻ അനുവദിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഞായറാഴ്ചയും ക്യാമ്പസിൽ പ്രതിഷേധം തുടർന്നു.