കുവൈത്ത് സിറ്റി: കെനിയയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് എയുടെ അവസാന ഘട്ട മത്സരങ്ങൾക്കുള്ള 14 അംഗ കുവൈത്ത് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ലമാണ് ടീമിന്റെ നായകൻ. ഒക്ടോബർ 21 മുതൽ 31 വരെ കെനിയൻ തലസ്ഥാനമായ നെയ്റോബിയിലാണ് നിർണായക മത്സരങ്ങൾ നടക്കുന്നത്.
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്കുള്ള മുന്നേറ്റം ലക്ഷ്യമിട്ടാണ് കുവൈത്ത് അവസാന ഘട്ട പോരാട്ടത്തിനിറങ്ങുന്നത്. നിലവിൽ 14 പോയിന്റുമായി ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കുവൈത്ത്. 17 പോയിന്റുള്ള ജേഴ്സിയാണ് ഒന്നാം സ്ഥാനത്ത്. 10 പോയിന്റുമായി പാപ്പുവ ന്യൂഗിനിയ മൂന്നാം സ്ഥാനത്താണ്.
അവസാന ഘട്ട മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയർ പ്ലേഓഫിലേക്ക് യോഗ്യത നേടാനാകും. അതിനാൽ കുവൈത്തിന് വരാനിരിക്കുന്ന ഓരോ മത്സരവും നിർണായകമാണ്.
ഒക്ടോബർ 22ന് ഖത്തറിനെതിരെയാണ് കുവൈത്തിന്റെ ആദ്യ മത്സരം. ഒക്ടോബർ 24ന് ഡെൻമാർക്കിനെയും 27ന് ജേഴ്സിയെയും നേരിടും. ഒക്ടോബർ 28ന് ആതിഥേയരായ കെനിയയുമായും 30ന് പാപ്പുവ ന്യൂഗിനിയയുമായും ഏറ്റുമുട്ടുന്നതോടെ കുവൈത്തിന്റെ ലീഗ് മത്സരങ്ങൾ അവസാനിക്കും.
നെയ്റോബിയിലെ ജിംഖാന ഗ്രൗണ്ട്, റുവാരക സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
കുവൈത്ത് ടീം: അലി സഹീർ, അനുദീപ് ചെന്താമര, ബിലാൽ താഹിർ, ക്ലിന്റോ ആന്റോ, ജൂഡ് സൽദാന, മീത് ഭാവ്സർ (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസ്ലം (ക്യാപ്റ്റൻ), മുഹമ്മദ് ആഖിഫ്, നിമിഷ് ലത്തീഫ്, രവീജ സന്ദരുവാൻ, ഷിറാസ് ഖാൻ, ഉസ്മാൻഗനി പട്ടേൽ (വിക്കറ്റ് കീപ്പർ), വിശ്വ തേജ, യാസിൻ പട്ടേൽ.
പരിശീലക സംഘവും ടീം മാനേജ്മെന്റും: മുഹമ്മദ് കബീർ ഖാൻ മുഖ്യ പരിശീലകനും മുഹമ്മദ് അമീൻ സഹപരിശീലകനുമാണ്. ഹാജി സൗദ് ഖമർ ടീം മാനേജറായും മുഹമ്മദ് കലീം ഫിസിയോതെറാപ്പിസ്റ്റായും പ്രവർത്തിക്കും.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയെന്ന ലക്ഷ്യത്തോടെ തയ്യാറെടുക്കുന്ന കുവൈത്ത് ടീമിനും പരിശീലക സംഘത്തിനും കുവൈത്ത് ക്രിക്കറ്റ് ആശംസകൾ നേർന്നു. നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി രാജ്യത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ നേട്ടം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് അസ്ലമും സംഘവും.