ലണ്ടൻ: ബാല്യകാലം മുതൽ യുകെയിൽ താമസിക്കുന്ന ബാർബഡോസ് വംശജനായ ടോണി ഹാൾ (62) നാടുകടത്തൽ നടപടികൾ നേരിടുന്നതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു.

പന്ത്രണ്ടാം വയസ്സിൽ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ബ്രിട്ടനിലെത്തിയ ഹാൾ കഴിഞ്ഞ അമ്പത് വർഷമായി രാജ്യത്താണ് താമസിക്കുന്നത്. 2001ലെ കവർച്ചാ ഗൂഢാലോചന, തോക്ക് കൈവശംവെക്കൽ കേസുകളിലെ ശിക്ഷയാണ് നാടുകടത്തൽ നടപടികളുടെ പശ്ചാത്തലം.

എട്ട് വർഷം തടവ് അനുഭവിച്ചശേഷവും ഹാളിന്റെ കുടിയേറ്റപദവി സംബന്ധിച്ച തർക്കങ്ങൾ അവസാനിച്ചിട്ടില്ല. 2010ൽ ബാർബഡോസ് അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതിനാൽ നാടുകടത്തൽ നടപ്പായില്ല. ജനനസമയത്തുതന്നെ അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വത്തിന് അർഹതയുണ്ടായിരിക്കാമെന്നാണ് അഭിഭാഷകന്റെ വാദം.