ന്യൂഡൽഹി: മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ട കേസിൽ ദുബായ് അധികൃതരുടെ സഹായം തേടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനായി ദുബായ് അധികൃതർക്ക് ലെറ്റേഴ്സ് റോഗേറ്ററി അയയ്ക്കാനാണ് ഇഡിയുടെ നീക്കം.
സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേസിൽ ആരോപിക്കപ്പെടുന്ന ഹവാല ഇടപാടുകളുടെയും സാമ്പത്തിക കൈമാറ്റങ്ങളുടെയും പാത കണ്ടെത്തുകയാണ് അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.
വിദേശരാജ്യത്തെ അധികൃതരിൽനിന്ന് അന്വേഷണത്തിന് ആവശ്യമായ രേഖകളും വിവരങ്ങളും ഔദ്യോഗികമായി ശേഖരിക്കാൻ അന്വേഷണ ഏജൻസികൾ ഉപയോഗിക്കുന്ന നിയമപരമായ അഭ്യർഥനയാണ് ലെറ്റേഴ്സ് റോഗേറ്ററി. ദുബായിൽ നടന്നതായി സംശയിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് ഇഡി ആവശ്യപ്പെടുക.
സി.എം.ആർ.എൽ കമ്പനിയിൽനിന്ന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിലേക്ക് പണം കൈമാറിയെന്ന ആരോപണമാണ് കേസിന്റെ പ്രധാന ഭാഗം. ഈ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഹവാല വഴി വിദേശത്തേക്ക് പണം കൈമാറിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്.
അതേസമയം, പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ദുബായ് അധികൃതർക്ക് ഇഡി ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടോ, അതിന് മറുപടി ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.