ദുബായ്: ചരിത്രവും ഭൂമിശാസ്ത്രവും രക്തബന്ധങ്ങളും പൊതുവായ താൽപര്യങ്ങളും കൊണ്ട് ഒന്നിച്ചുനിൽക്കുന്ന ഗൾഫ് രാജ്യങ്ങളെ മാധ്യമങ്ങളിലൂടെയോ സാമൂഹിക മാധ്യമങ്ങളിലൂടെയോ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

ഗൾഫ് ജനതയെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞത്.

ഗൾഫ് രാജ്യങ്ങളെ ഒരുമിപ്പിക്കുന്നത് രാഷ്ട്രീയ കരാറുകൾ മാത്രമല്ലെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കുടുംബബന്ധങ്ങളും പൊതുവായ സംസ്കാരവും ചരിത്രവും പരസ്പര സഹകരണവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ സാമ്പത്തിക, വ്യാപാര, സാങ്കേതിക മേഖലകളിൽ ഗൾഫ് രാജ്യങ്ങൾ കൈവരിച്ച മുന്നേറ്റങ്ങൾ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. മത്സ്യബന്ധനത്തെയും മുത്തുവാരലിനെയും ആശ്രയിച്ചിരുന്ന സമൂഹങ്ങളിൽനിന്ന് ലോകത്തിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളായി വളരാൻ ഗൾഫ് രാജ്യങ്ങൾക്ക് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസന പദ്ധതികളിലും സാമ്പത്തിക താൽപര്യങ്ങളിലും ഒന്നിച്ചുനിൽക്കുന്ന രാജ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ മൂലം അകന്നുപോകരുത്. അഭിപ്രായവ്യത്യാസങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്യാനും പരസ്പര സഹകരണം ശക്തിപ്പെടുത്താനും കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കണമെന്നത് അവയുടെ സ്വതന്ത്രമായ ഭരണസംവിധാനങ്ങളെയോ പ്രത്യേകതകളെയോ ഇല്ലാതാക്കണമെന്ന ആശയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ പൊതുവായ വികസനലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗൾഫ് ജനതയുടെ ഭാവി ഐക്യത്തിലും പരസ്പര വിശ്വാസത്തിലുമാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കിയ മുഹമ്മദ് ബിൻ റാഷിദ്, ഗൾഫ് മേഖലയുടെ സമൃദ്ധിയും പുരോഗതിയും വരുംതലമുറകളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ഓർമിപ്പിച്ചു.

ഒരു വൃക്ഷത്തിന്റെ വിവിധ ശാഖകളെപ്പോലെയാണ് ഗൾഫ് രാജ്യങ്ങളെന്നും ശാഖകൾ വ്യത്യസ്തമാണെങ്കിലും അവയുടെ വേരും ഭാവിയും ഒന്നാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.