കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ സായുധസേനകൾ തമ്മിലുള്ള സൈനിക സഹകരണവും സംയുക്ത പരിശീലന സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ റിയാദിൽ നടന്ന പ്രത്യേക യോഗത്തിൽ കുവൈത്ത് പങ്കെടുത്തു.
ജിസിസി സായുധസേനകളുടെ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് കമ്മിറ്റിയുടെ അസാധാരണ യോഗമാണ് റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്നത്.
കുവൈത്ത് സായുധസേനയുടെ ഓപ്പറേഷൻസ് ആൻഡ് പ്ലാൻസ് വിഭാഗം അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ റായിദ് അൽ സുക്റാനാണ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചത്.
ഗൾഫ് രാജ്യങ്ങളുടെ സായുധസേനകൾ തമ്മിലുള്ള പ്രവർത്തന ഏകോപനം മെച്ചപ്പെടുത്തുക, സൈനിക പരിശീലന രംഗത്തെ അനുഭവങ്ങളും സാങ്കേതിക പരിജ്ഞാനങ്ങളും കൈമാറുക, സംയുക്ത സൈനിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പരിഗണിച്ചത്.
അംഗരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ഫലപ്രദമാക്കുന്നതിനും സംയുക്ത പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളും ചർച്ചയായി.
പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ഏകീകൃത സമീപനം സ്വീകരിക്കുന്നതിനും ഇത്തരം യോഗങ്ങൾ പ്രാധാന്യമർഹിക്കുന്നു.
ഗൾഫ് സഹകരണ കൗൺസിലിന്റെ സംയുക്ത പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക യോഗം സംഘടിപ്പിച്ചത്.