ബാഗ്ദാദ്: ഇറാഖിൽ 38 വയസ്സുകാരന്റെ വയറ്റിൽ നിന്ന് 214 സൂചികളും പിന്നുകളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ ജീവൻ രക്ഷിച്ചു. സമാറ ജനറൽ ആശുപത്രിയിലാണ് അത്യപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
കടുത്ത വയറുവേദനയെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ വയറിനുള്ളിൽ നിരവധി ലോഹവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. മൂർച്ചയേറിയ സൂചികളും പിന്നുകളും ശരീരത്തിനുള്ളിൽ അടിഞ്ഞുകൂടിയത് രോഗിയുടെ ജീവന് ഗുരുതര ഭീഷണി സൃഷ്ടിച്ചിരുന്നു.
ജനറൽ സർജറി വിദഗ്ധൻ ഡോ. അലി സാദി ഉമറിന്റെ മേൽനോട്ടത്തിൽ ഡോക്ടർമാരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ദീർഘവും സങ്കീർണവുമായ നടപടികൾക്കൊടുവിൽ 214 ലോഹവസ്തുക്കളും പുറത്തെടുക്കാൻ മെഡിക്കൽ സംഘത്തിന് സാധിച്ചു.
ഇത്രയധികം സൂചികളും പിന്നുകളും വിഴുങ്ങിയതിനു പിന്നിലുള്ള സാഹചര്യം കണ്ടെത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. ഭക്ഷണമല്ലാത്ത വസ്തുക്കൾ കഴിക്കാനുള്ള പ്രവണതയുള്ള 'പൈക്ക' എന്ന അവസ്ഥയുൾപ്പെടെയുള്ള മാനസികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ശസ്ത്രക്രിയയ്ക്കുശേഷം രോഗിയുടെ ശാരീരികാരോഗ്യം വിലയിരുത്തുന്നതിനൊപ്പം സമഗ്രമായ മാനസികാരോഗ്യ, നാഡീവ്യൂഹ പരിശോധനകളും ആവശ്യമാണ്. സമാനമായ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള തുടർചികിത്സയും നിർണായകമാണ്.
അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായി.