കുവൈത്ത് സിറ്റി: കുട്ടികളെ കൂടെ കൂട്ടി ലഹരിമരുന്ന് വിതരണത്തിൽ ഏർപ്പെട്ടെന്ന സംശയത്തിൽ എത്യോപ്യൻ സ്വദേശിനിയെ കുവൈത്ത് പൊലീസ് പിടികൂടി. ജലീബ് അൽ ഷുയൂഖ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് യുവതിയെ പിടികൂടി കൂടുതൽ അന്വേഷണത്തിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറിയത്.
ഉപഭോക്താവിന് ശേഖരിക്കാനായി നിശ്ചയിച്ച സ്ഥലത്ത് ഹാഷിഷ് അടങ്ങിയതായി സംശയിക്കുന്ന സിഗരറ്റ് യുവതി നിക്ഷേപിക്കുന്നതിനിടെയാണ് പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കുട്ടികളെ കൂടെ കൂട്ടിയായിരുന്നു യുവതിയുടെ സഞ്ചാരമെന്നാണ് അന്വേഷണത്തിൽ ഉയർന്നിരിക്കുന്ന സംശയം.
വിവിധ പൊതുസ്ഥലങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും ലഹരിവസ്തുക്കൾ നിക്ഷേപിക്കുകയും പിന്നീട് ആവശ്യക്കാർ അവ ശേഖരിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇടപാടുകൾ നടന്നിരുന്നതെന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
അറസ്റ്റിന് പിന്നാലെ യുവതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ അടങ്ങിയതായി സംശയിക്കുന്ന കൂടുതൽ സിഗരറ്റുകൾ കണ്ടെത്തി. ഇവ വിതരണത്തിനായി തയ്യാറാക്കിയതാണെന്നാണ് സംശയം. പിടിച്ചെടുത്ത വസ്തുക്കൾ വിശദമായ പരിശോധനയ്ക്കായി കൈമാറി.
യുവതിക്കൊപ്പം മൂന്ന് കുട്ടികളും ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. കുട്ടികൾ യുവതിക്കൊപ്പം ഉണ്ടായിരുന്ന സാഹചര്യം സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
ലഹരിമരുന്നിന്റെ ഉറവിടവും വിതരണശൃംഖലയുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുന്നു.