ദുബായ്: ഇൻഫ്ലുവൻസ എ (Influenza A) ബാധിച്ച കുട്ടികളിൽ പനി മാറിയ ശേഷവും ചുമ, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഒന്നോ രണ്ടോ ആഴ്ച തുടരാൻ സാധ്യതയുണ്ടെന്ന് യുഎഇയിലെ ഡോക്ടർമാർ. ചില കുട്ടികളിൽ ഓക്കാനം, ഛർദി, വയറിളക്കം, വയറുവേദന തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളും കണ്ടുവരാം. രോഗമുക്തി ഘട്ടത്തിലും കുട്ടികളുടെ ആരോഗ്യനില ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
സാധാരണയായി ഇൻഫ്ലുവൻസയുടെ തീവ്രഘട്ടത്തിൽ നിന്ന് അഞ്ചു മുതൽ ഏഴ് ദിവസത്തിനുള്ളിൽ മിക്ക കുട്ടികളും സുഖം പ്രാപിക്കും. എന്നാൽ പഴയ ഊർജനിലയിലേക്കും ഭക്ഷണശീലങ്ങളിലേക്കും മടങ്ങാൻ ചിലർക്ക് കൂടുതൽ സമയം വേണ്ടിവന്നേക്കാം.
ദുബായിലെ പ്രൈം മെഡിക്കൽ സെന്ററിലെ ശിശുരോഗ വിദഗ്ധ ഡോ. നിരോഷ പുന്നുരാജിന്റെ അഭിപ്രായത്തിൽ, കുട്ടികളിൽ പനി മാറിയാലും ചുമ, തളർച്ച, ബലഹീനത, വിശപ്പില്ലായ്മ എന്നിവ ഒന്നോ രണ്ടോ ആഴ്ച തുടരാം.