കുവൈത്ത് സിറ്റി: പൊതുനിരത്തുകളിലും പാർക്കിങ് നിരോധിത മേഖലകളിലും നിയമവിരുദ്ധമായി വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ വീൽ ക്ലാമ്പുകൾ സ്ഥാപിക്കുന്ന നടപടിയും നിയമാനുസൃതമാണെന്ന് അധികൃതർ അറിയിച്ചു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് അവബോധ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബുഹസനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുനിരത്തുകൾ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനുള്ളതാണെന്നും വ്യക്തികൾക്കോ പ്രത്യേക വിഭാഗങ്ങൾക്കോ മാത്രമായി അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ റോഡരികിലും നിരോധിത സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ വാഹനങ്ങളുടെ ചക്രങ്ങളിൽ വീൽ ക്ലാമ്പുകൾ ഘടിപ്പിക്കുന്ന നടപടിയും തുടരും.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീൽ ക്ലാമ്പ് ഘടിപ്പിച്ച വാഹനങ്ങളുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ട്രാഫിക് വകുപ്പ് വിശദീകരണം നൽകി. റോഡിന്റെ ഒരു ഭാഗം തടസ്സപ്പെടുത്തുന്ന രീതിയിൽ നിർത്തിയിട്ട വാഹനങ്ങൾക്കെതിരായ നടപടികൾ നിയമപരമായ അധികാരത്തിന്റെ പരിധിയിലാണെന്ന് വകുപ്പ് വ്യക്തമാക്കി.
ഗതാഗത നിയമത്തിലെ ഒന്നാം വകുപ്പ് പ്രകാരം പൊതുനിരത്തുകളിലെ എല്ലാ വിഭാഗം വാഹനങ്ങൾക്കും നിയമവ്യവസ്ഥകൾ ബാധകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനും വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കുന്നത്.