കുവൈത്ത് സിറ്റി: കുവൈത്തിലെ ബയാൻ, ഹവല്ലി, ജാബ്രിയ പ്രദേശങ്ങളിൽ ഒക്ടോബർ 21 ബുധനാഴ്ച ശുദ്ധജല വിതരണത്തിന്റെ സമ്മർദം കുറയുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ബയാനിലെ D2 ജലസംഭരണ ടവറുകളുമായി ബന്ധപ്പെട്ട ജലവിതരണ ശൃംഖലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് വിതരണം ഭാഗികമായി ബാധിക്കുക.
ബുധനാഴ്ച രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ എട്ട് മണിക്കൂർ നീണ്ടുനിൽക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ ജോലികൾ പൂർത്തിയാക്കാനാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
ഹവല്ലി, ജാബ്രിയ, ബയാനിലെ ബ്ലോക്ക് രണ്ട് എന്നിവിടങ്ങളിലാണ് ജലവിതരണ സമ്മർദം കുറയാൻ സാധ്യതയുള്ളത്.
അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ജലവിതരണം പൂർണമായി തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ മന്ത്രാലയത്തിന്റെ ഏകീകൃത സേവന കേന്ദ്രമായ 152 എന്ന നമ്പറിൽ ബന്ധപ്പെടാം.
ജലവിതരണ ശൃംഖലയുടെ പ്രവർത്തനം നിലനിർത്തുന്നതിനും ആവശ്യമായ സാങ്കേതിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.