കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഹെറോയിൻ കടത്തുകയും രാജ്യത്ത് ലഹരിമരുന്ന് വ്യാപാരം നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ സ്വദേശിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി.

ജസ്റ്റിസ് സാലിം അൽ അസ്ഊസിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജിമാരായ ഹുസൈൻ അൽ ദുറൈ, തലാൽ അൽ റഷീദി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

ഹെറോയിൻ കടത്തലും ലഹരിമരുന്ന് വ്യാപാരവുമാണ് പ്രതിക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ.

സ്വന്തം രാജ്യക്കാരനായ മറ്റൊരാളുമായി പരിചയപ്പെട്ടതിനെ തുടർന്ന് കുവൈത്തിലേക്ക് ഹെറോയിൻ എത്തിക്കുന്നതിനുള്ള ധാരണയിൽ ഏർപ്പെട്ടതായി പ്രതി സമ്മതിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം തവണ ഹെറോയിൻ കുവൈത്തിലേക്ക് കടത്തിയതായും വിൽപ്പന ലക്ഷ്യമിട്ടായിരുന്നു ലഹരിമരുന്ന് കൊണ്ടുവന്നതെന്നും പ്രതിയുടെ മൊഴിയിൽ വ്യക്തമായി.

ലഹരിമരുന്ന് കടത്തലുമായി ബന്ധപ്പെട്ട കുറ്റങ്ങളും കസ്റ്റംസ് നിയമലംഘനവും പരിഗണിച്ചാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്.

രാജ്യത്ത് ലഹരിമരുന്ന് കടത്തും വ്യാപാരവും തടയുന്നതിനുള്ള കർശന നിയമനടപടികൾ തുടരുന്നതിനിടെയാണ് ഈ കോടതി വിധി.