കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡരികിലെ വാഹന പാർക്കിങ് സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. കറുപ്പും വെള്ളയും നിറങ്ങളിൽ അടയാളപ്പെടുത്തിയ നടപ്പാതയോരങ്ങളിൽ മാത്രമാണ് നിയമാനുസൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയുള്ളതെന്നും ചാരനിറത്തിലുള്ളതും പെയിന്റ് ചെയ്യാത്തതുമായ നടപ്പാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് അവബോധ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് റേഡിയോയുടെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആഭ്യന്തര റോഡുകൾ ഉൾപ്പെടെയുള്ള പൊതുറോഡുകൾക്ക് ഗതാഗതനിയമത്തിലെ വ്യവസ്ഥകൾ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിയമലംഘനമാണ്. ഇത്തരം സംഭവങ്ങളിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും.

ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെയും കർശന നടപടിയുണ്ടാകും. വാഹനങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയോ റോഡിന്റെ ഒരു ഭാഗം കൈയടക്കുകയോ ചെയ്യുന്ന രീതിയിലുള്ള പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുന്നത് ഗതാഗതനിയമം നടപ്പാക്കുന്നതിന്റെയും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അംഗീകൃത പാർക്കിങ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പാർക്കിങ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കും.