കുവൈത്ത് സിറ്റി: വിദേശ കായിക പരിശീലന ക്യാമ്പുകളുടെയും മത്സരങ്ങളുടെയും പേരിൽ വ്യാജ ബില്ലുകൾ തയ്യാറാക്കി പൊതുപണം ദുരുപയോഗം ചെയ്ത കേസിൽ കുവൈത്തിലെ ഒരു സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റിന് മൂന്നുവർഷവും നാലുമാസവും തടവുശിക്ഷ വിധിച്ചു. ട്രാവൽ കമ്പനി മാനേജർക്ക് രണ്ടുവർഷവും നാലുമാസവും തടവും വിധിച്ചു.
ജസ്റ്റിസ് അബ്ദുല്ല അൽ ഒഥ്മാന്റെ അധ്യക്ഷതയിലുള്ള കുവൈത്ത് അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വ്യാജരേഖ ചമയ്ക്കൽ, പൊതുപണം അപഹരിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ പരിഗണിച്ചത്.
വിദേശരാജ്യങ്ങളിൽ കായിക പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചതായി കാണിച്ച് വ്യാജ ചെലവുരേഖകളും ബില്ലുകളും സമർപ്പിച്ചാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഇറ്റലിയിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചെന്ന പേരിൽ രേഖകൾ തയ്യാറാക്കിയതായും യുഎഇ, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ മത്സരങ്ങളിലും പരിശീലന ക്യാമ്പുകളിലും പങ്കെടുത്ത താരങ്ങളുടെ എണ്ണത്തിൽ കൃത്രിമം നടത്തിയതായും കോടതി നടപടികളിൽ വ്യക്തമായി.
പ്രതികൾക്കെതിരെ പിഴയും 5,51,000 കുവൈത്ത് ദിനാർ കണ്ടുകെട്ടാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു. അതേസമയം, കേസിൽ ഉൾപ്പെട്ട മുൻ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റിനെ കുറ്റവിമുക്തനാക്കിയ മുൻവിധി അപ്പീൽ കോടതി ശരിവച്ചു.
കുവൈത്ത് ദേശീയ ടീമിലെ താരങ്ങളെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അബ്ദുൽ മുഹ്സിൻ അൽ ഖത്താൻ കോടതിയിൽ ഹാജരായി. താൽക്കാലിക സിവിൽ നഷ്ടപരിഹാരമായി 5,001 ദിനാർ ആവശ്യപ്പെട്ടുള്ള ഹർജിയും സമർപ്പിച്ചു.
കായിക പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്ന പൊതുപണത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന കോടതി വിധി ഉണ്ടായിരിക്കുന്നത്.